ഭരണങ്ങാനം: സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിൽ പ്രവർത്തിക്കുന്ന സ്പോർട്‌സ് അക്കാദമിക്ക് നേട്ടങ്ങളുടെ വർഷം. 2018-19 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാന മത്സരങ്ങളിൽ അക്കാദമി മികച്ച നേട്ടം കൈവരിച്ചു. വിവിധ ദേശീയ മത്സരങ്ങളിൽ മൂന്ന് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിവയും നേടി. തുടർച്ചയായി അഞ്ച്‌ ദേശീയ മത്സരങ്ങളിലും മെഡൽ നേടിയ ആൻ റോസ് ടോമി, മൂന്ന് ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ അലീന വർഗീസ് എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ ഡാലിയ പി.ലാൽ, അനന്യ ജെറ്റോ, മനീഷാ ബിജു, അന്ന തോമസ് മാത്യു, ജൂബി ജേക്കബ്, ഗൗരി ശങ്കരി, സ്വാതിലക്ഷ്മി, മിലു ആൻ മാത്യു, ജൂലി ജോൺസൻ എന്നിവരും നേട്ടം കൊയ്തു. വിവിധ സംസ്ഥാന കായികമേളകളിൽനിന്നായി എട്ട് സ്വർണം, ഒൻപത് വെള്ളി, 12 വെങ്കലം എന്നിവയും ഇവിടത്തെ കായികതാരങ്ങൾ നേടി. ദേശീയ സ്‌കൂൾ മീറ്റിൽ നാലുകുട്ടികളും ദേശീയ ജൂനിയർ മീറ്റിൽ അഞ്ചുകുട്ടികളും ദേശീയ യൂത്ത് മീറ്റിൽ മൂന്നു കുട്ടികളും ഖേലോ ഇന്ത്യ നാഷനൽ മീറ്റിൽ നാലു കുട്ടികളും സ്‌കൂളിൽനിന്ന്‌ പങ്കെടുത്തു. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അത്‌ലറ്റിക് കോച്ച് ജൂലിയസ് ജെ.മനയാനിയാണ് പരിശീലകൻ.