ഭരണങ്ങാനം: തിരുവനന്തപുരത്തു നടന്ന സംസ്ഥാന യൂത്ത് അത്‍ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച് .ജി.എച്ച്.എസ്. സ്‌കൂൾ സ്പോർട്സ് ഹോസ്റ്റലിന് മികച്ചനേട്ടം. മീറ്റിൽ ഒരുസ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾ നേടി. 100 മീറ്റർ ഹർഡിൽസിൽ സ്‌കൂൾ ഹോസ്റ്റൽ സമ്പൂർണ ആധിപത്യം നേടി.

സ്വർണവും വെള്ളിയും വെങ്കലവും നേടിയാണ് ഹർഡിൽസിലെ ആധിപത്യം സ്‌കൂൾ ഉറപ്പിച്ചത്. ഈ ഇനത്തിൽ ആൻ റോസ് ടോമി സ്വർണവും അലീന വർഗീസ് വെള്ളിയും അന്ന തോമസ് മാത്യു വെങ്കലവും നേടി.

ആദ്യമായാണ് സംസ്ഥാന യൂത്ത് മീറ്റിൽ ഒരുസ്‌കൂളിലെ കുട്ടികൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നത്. ഇവർ മൂന്നു പേരും ദേശീയ മീറ്റിന് യോഗത്യയും നേടി. ഇവർ കഴിഞ്ഞവർഷം ദേശീയ സംസ്ഥാന മത്സരങ്ങളിൽ മെഡൽ ജേതാക്കളാണ്.

ഇവരെ കൂടാതെ ഡാലിയ പി. ലാൽ ലോങ് ജംപിൽ വെള്ളിയും ജൂലി ജോൺസൻ ഹെപ്റ്റാതലണിൽ വെങ്കലവും നേടി. ഇരുവരും ദേശീയ മീറ്റിന് യോഗ്യതയും നേടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്‌ലറ്റിക് കോച്ച് ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് ഇവർ പരിശീലനം നടത്തുന്നത്.