ഭരണങ്ങാനം: തുടർച്ചയായ അഞ്ചാം തവണയും ദേശീയ സ്‌കൂൾ കായിക മേളയിൽ മെഡൽ നേടി ആൻ റോസ്. ഡൽഹിയിൽ നടക്കുന്ന ദേശീയ സ്‌കൂൾ കായിക മേളയിൽ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയാണ് ആൻ റോസ് പങ്കെടുത്ത അഞ്ചാമത്തെ സ്‌കൂൾ കായികമേളയിലും മെഡൽ നേടിയത്.

കോട്ടയം ജില്ലയിൽനിന്ന് പങ്കെടുത്തവരിൽ ആൻ റോസിന് മാത്രമാണ് മെഡൽ ലഭിച്ചത്. സ്പോർട്സ് കൗൺസിലിന്റെ ഭരണങ്ങാനം എസ്‌.എച്ച്. ജി.എച്ച്.എസിലെ സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥിനിയാണ് ആൻ റോസ്. പ്ലസ് വൺ വിദ്യാർഥിയായ ആൻ റോസ് ഏഴാംക്ലാസ് വിദ്യാർഥിയായിരിക്കെ 2013-ലെ സ്‌കൂൾ കായിക മേളയിൽ 4x100 മീറ്റർ റിലേയിലെ വെള്ളി മെഡൽ നേട്ടത്തോടെയാണ് നേട്ടങ്ങൾക്ക് തുടക്കമിട്ടത്.

2014-ൽ 80 മീറ്റർ ഹർഡിൽസിലും 2015-ൽ 100 മീറ്റർ ഹർഡിൽസിലും വെള്ളി നേടിയ ആൻ റോസ് 2016-ൽ 100 മീറ്റർ ഹർഡിൽസ്, 4x100 മീറ്റർ റിലേയിലും വെള്ളി നേടി. 2017-ൽ 4x100 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു. ഈ വർഷം സംസ്ഥാന സ്‌കൂൾ കായികമേളയിൽ 100 മീറ്റർ ഹർഡിൽസ്, 4x100 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 100 മീറ്റർ, 200 മീറ്റർ എന്നിവയിൽ വെള്ളിയും കരസ്ഥമാക്കിയിരുന്നു.

സംസ്ഥാന യൂത്ത് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിരുന്നു. ഇടുക്കി കുമ്പളവേലിൽ ടോമിയുടെയും ബിന്ദുവിന്റെയും മൂന്നാമത്തെ മകളാണ് ആൻ റോസ്. സ്പോർട്സ് കൗൺസിലിലെ ജൂലിയസ് ജെ.മനയാനിയാണ് പരിശീലകൻ.