ഭരണങ്ങാനം: റാഞ്ചിയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ എസ്.എച്ച്.ജി.എച്ച്.എസിലെ അലീന വർഗീസിന്റെ വെള്ളിമെഡൽ പ്രകടനം മികവുറ്റതായി. കേരളത്തെ പ്രതിനിധീകരിച്ച് കോട്ടയം ജില്ലയിൽനിന്ന്‌ വ്യക്തിഗത ഇനത്തിൽ ഏറ്റവും മികച്ച പ്രകടനവും അലീനയുടേതാണ്. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസിലാണ് അലീനയുടെ നേട്ടം. ഇതേ വിഭാഗം മിഡ്‌ലെ റിലേയിലും അലീന വെള്ളി കരസ്ഥമാക്കി. സംസ്ഥാന ജൂനിയർ മീറ്റിൽ 100 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണവുമായാണ് അലീന ദേശീയ മീറ്റിൽ പങ്കെടുത്തത്. ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ സ്‌പോർട്‌സ് ഹോസ്റ്റൽ സ്‌പോർട്‌സ് അക്കാദമിയിലെ അംഗമായ അലീന കോഴിക്കോട് കുപ്പയത്തോട് ഈന്തിലാംകുഴിയിൽ വർഗീസിന്റെയും റീനയുടെയും മകളാണ്. സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ ജൂലിയസ് ജെ.മനയാനിയാണ് പരിശീലകൻ.