തോട്ടയ്ക്കാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് താത്കാലിക അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുായി 17-ന് 10-ന് സ്‌കൂൾ ഓഫീസിൽ എത്തണം. 0481 2468555.
വി.ബി.യു.പി. സ്‌കൂൾ; ശിലാസ്ഥാപനം ഇന്ന്
തൃക്കൊടിത്താനം: സംസ്ഥാന സർക്കാരിന്റെ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വി.ബി.യു.പി. സ്‌കൂൾ നിർമാണത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ 9.30-ന് നടക്കും.
നക്ഷത്രവനം പദ്ധതി
തൃക്കൊടിത്താനം: മഹാക്ഷേത്രത്തിൽ നക്ഷത്രവനം പദ്ധതി വ്യാഴാഴ്ച രാവിലെ 8.30-ന് ക്ഷേത്രവളപ്പിൽ ഉദ്ഘാടനം ചെയ്യും. ഭക്തജനങ്ങൾക്ക് അവരവരുടെ നക്ഷത്രത്തിലുള്ള വൃക്ഷത്തൈകൾ ക്ഷേത്രത്തിൽനിന്ന് ലഭിക്കും.
വാട്ടർ കണക്ഷനുകൾ വിച്ഛേദിച്ചുതുടങ്ങി
ചങ്ങനാശ്ശേരി: വെള്ളക്കരം കുടിശ്ശികയുള്ളതും പ്രവർത്തനരഹിതവുമായ വാട്ടർ കണക്ഷനുകൾ ജലവിതരണവകുപ്പ് വിച്ഛേദിച്ചുതുടങ്ങി. ചങ്ങനാശ്ശേരി സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള ചങ്ങനാശ്ശേരി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, തുരുത്തി,കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാകത്താനം, വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകളിലാണ് കണക്ഷൻ വിച്ഛേദിച്ച് തുടങ്ങിയത്.
500 രൂപ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാകണക്ഷനും നോട്ടീസ് നൽകിയിട്ടും മാറ്റിസ്ഥാപിക്കാത്ത പ്രവർത്തനരഹിതമായ വാട്ടർ കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് ജലവിതരണവകുപ്പ് അതോറിറ്റി അധികൃതർ അറിയിച്ചു.
സ്‌കൂൾ വാർഷികം 17-ന്
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം 17-ന് വൈകീട്ട് നാലിന് നടക്കും. സമ്മേളനം ഗായകൻ ജോബ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ.സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിക്കും.
ശാഖാവാർഷികം
ചങ്ങനാശ്ശേരി: അഖില കേരള വിശ്വകർമ്മ മഹാസഭ 222-ാം നമ്പർ വാഴപ്പള്ളി ശാഖ വാർഷികം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇ.വി.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ശശിധരൻ, വിജയമ്മ രാജു, ലതാ മുരളി എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവസഭൈക്യ പ്രാർഥനാ വാരാചരണം
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എക്യുമെനിക്കൽ മൂവ്‌മെന്റ് (സെം) 18 മുതൽ 25 വരെ ദേവാലയങ്ങളിൽ ക്രൈസ്തവ സഭൈക്യ പ്രാർഥനാവാരാചരണം നടത്തും. 18-ന് വൈകീട്ട് 4.30-ന് മെത്രാപ്പൊലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിക്കും. ക്‌നാനായ യാക്കോബായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവറിയോസ് സഭൈക്യ സന്ദേശം നൽകും.
വിവിധ പ്രാർഥനായോഗങ്ങളിൽ അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ബിഷപ്പ് തോമസ് സാമുവൽ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. 26-ന് വൈകീട്ട് ആറിന് മനക്കച്ചിറ സെന്റ് ജോസഫ് ദേവാലയത്തിൽ എക്യുമെനിക്കൽ സമ്മേളനവും നടക്കും.
മസ്റ്ററിങ് നീട്ടി
ചങ്ങനാശ്ശേരി: നഗരസഭയിൽനിന്നു സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് തുടർന്നും പെൻഷൻ ലഭിക്കുന്നതിന് മസ്റ്ററിങ് നടത്തുന്നതിനുള്ള തീയതി 31 വരെ നീട്ടി. ഇതുവരെ മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾ എത്രയും വേഗം ആധാർകാർഡുമായി അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം.
ഐ.എൻ.ടി.യു.സി. പതാകദിനം 17-ന്
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ നടക്കുന്ന ഐ.എൻ.ടി.യു.സി. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 17-ന് പതാകദിനം ആചരിക്കും. ഐ.എൻ.ടി.യു.സി. യൂണിറ്റ്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരത്തോളം സ്ഥലങ്ങളിൽ പതാക ഉയർത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
ഡ്രൈഡേ പിൻവലിക്കരുത് -കെ.സി.ബി.സി. മദ്യവിരുദ്ധസമിതി
ചങ്ങനാശ്ശേരി: സർക്കാരിന്റെ പുതിയ മദ്യനയം വരുമ്പോൾ മദ്യവില്പനശാലകൾ ഡ്രൈഡേകളിലും തുറന്നുപ്രവർത്തിക്കാനുള്ള ആലോചനകൾ അവസാനിപ്പിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി. ചങ്ങനാശ്ശേരി അതിരൂപതാ നേതൃസമിതി മദ്യകേരള ഡയറക്ടർ റവ.ഫാ.ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ വിഷയാവതരണം നടത്തി. ഭാരവാഹികളായ ടി.എം.മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി.മാത്യു, ജിജി പേരകശ്ശേരി, ഷാജി വാഴപ്പേറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
ഭക്ഷ്യധാന്യക്കിറ്റ് വിതരണം
ചങ്ങനാശ്ശേരി: താലൂക്ക് റസിഡന്റ‌്‌സ് അസോസിയേഷൻ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യും. 20-ന് വൈകീട്ട് നാലിന് ഫലാഹിയ ഓഡിറ്റോറിയത്തിൽ ഭക്ഷ്യധാന്യകിറ്റിന്റെ സൗജന്യ വിതരണോദ്ഘാടനം സി.എഫ്.തോമസ് എം.എൽ.എ. നിർവഹിക്കുമെന്ന് താലൂക്ക് പ്രസിഡന്റ് അഡ്വ. മധുരാജ്, സെക്രട്ടറി കുര്യാക്കോസ് കൈലാത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം ജില്ലാ റസിഡൻറ്‌സ് അസോസിയേഷനമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പോക്‌സോ നിയമത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും പോലീസ് സഹകരണത്തോടെ പ്രത്യേക ക്ലാസുകളും നടത്തും.
ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നത് തടയാൻ അടിയന്തര നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ സംഘടനയുടെ സെക്രട്ടറിയായിരുന്ന ജി. ലക്ഷ്മണനെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായും ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി മജീദ് ഖാൻ, വൈസ് പ്രസിഡന്റ് ജോസഫ് കൈനിക്കര, ജോയിൻറ് സെക്രട്ടറി ഇന്ദിരാദേവി, അഡ്വ.പി.ബി. ജാനി, കെ.ജെ. കൊച്ചുമോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എ.ടി.എം. കൗണ്ടറുകൾ പ്രവർത്തനരഹിതം
വാഴൂർ: കൊടുങ്ങൂരിൽ എ.ടി.എം. കൗണ്ടറുകൾ പ്രവർത്തിക്കുന്നില്ലെന്ന്് പരാതി. കവലയിലെ മൂന്നുബാങ്കുകളുടെ എ.ടി.എമ്മുകൾ ദിവസങ്ങളോളമായി പ്രവർത്തിക്കുന്നില്ല. വാഴൂർ പഞ്ചായത്തിന്റെ ആസ്ഥാനമായ കൊടുങ്ങൂരിൽ നിരവധി സർക്കാർ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്.
എ.ടിഎമ്മുകൾ പ്രവർത്തനരഹിതമായതോടെ ബാങ്കുകളിൽ നേരിട്ട് എത്തിയാണ് പലരും ഇടപാടുകൾ നടത്തുന്നത്. ഇത് വ്യാപാരികൾക്കും ഇടപാടുകാർക്കും ഏറെ ബുദ്ധിമുട്ടാണ്. പ്രശ്‌ന പരിഹാരത്തിന് ബാങ്കുകൾ നടപടി സ്വീകരിക്കണമെന്ന്് വ്യാപാരികളും ഇടപാടുകാരും ആവശ്യപ്പെട്ടു.