പൊൻകുന്നം: പൊൻകുന്നം-പുനലൂർ റോഡിന്റെ ഒരു റീച്ചിൽ ടെൻഡർ അംഗീകരിച്ച് കരാർകമ്പനിയെ നിശ്ചയിച്ചു. കോന്നി-പ്ലാച്ചേരി റീച്ച് നിർമാണമാണ് 274.24 കോടി രൂപയ്ക്ക് കരാറായത്. ലോകബാങ്ക് അധികൃതർ പരിശോധിച്ചാണ് കരാർ കമ്പനിയെ തീരുമാനിച്ചത്. തുടർന്നുള്ള രണ്ട് റീച്ച് കെ.എസ്.ടി.പി. അധികൃതർ തന്നെ പരിശോധിച്ച് കരാറുകാരനെ നിശ്ചയിക്കാനാണ് ലോകബാങ്ക് നിർദേശം. പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കി.മീ., കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30.16 കി.മീ., പ്ലാച്ചേരി മുതൽ പൊൻകുന്നം വരെ 22.173 കി.മീ. എന്നിങ്ങനെ മൂന്നുഭാഗമായാണ് ടെൻഡർ നടപടി. സമയബന്ധിതമായി പണി പൂർത്തീകരിക്കുന്നതിനാണ് മൂന്ന് റീച്ചുകളായി തിരിച്ച് ടെൻഡർ ചെയ്യുന്നത്.