കോട്ടയം: കോട്ടയത്തിന്റെ ഹൃദയഭൂമികയിൽനിന്ന് പിങ്ക് ആമ്പൽപ്പൂക്കൾ സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ പ്രചാരണയിടങ്ങളിലൂടെ ലോകമറിയുമ്പോൾ ആ തിരക്ക് ഈ ആമ്പൽപ്പാടങ്ങളും അറിയുന്നു. തിരുവാർപ്പിലെ മലരിക്കലിൽ പാടത്തെ ആമ്പൽപ്പൂക്കളുടെ ഉത്സവകാലം അവസാനിക്കാൻ ഇനി 15 ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ പുതുപ്പള്ളിയിലെ അമ്പാട്ടുകടവിൽ ആമ്പൽ ഫെസ്റ്റിന് ശനിയാഴ്ച തുടക്കമായി. കാഞ്ഞിരപ്പള്ളിയിൽനിന്നും എറണാകുളത്തുനിന്നുമൊക്കെ പൂ പ്രേമികള്‍ എത്തുന്നു.‘‘പലയിടത്തുനിന്നും ആമ്പൽ കാണാനെത്തുന്നവരുടെ തിരക്ക്. ഇതാദ്യമാണ് ആമ്പൽ കാണാനെത്തുന്നത്. തൊട്ടടുത്ത് കിടന്നിട്ട് ഇതുവരെ കാണാത്തതിൽ സങ്കടം തോന്നി’’അമ്പാട്ടുകടവിന്റെ മേൽവിലാസക്കാരി ബീന സഞ്ജയ് പറയുന്നു.

ambattukadavu
ശനിയാഴ്ച ആമ്പല്‍ ഫെസ്റ്റ് ആരംഭിച്ച പുതുപ്പള്ളി പഞ്ചായത്തിലെ അമ്പാട്ട്കടവില്‍ നിന്നുള്ള ദൃശ്യം

ശനിയാഴ്ച രാവിലെ ആറ് മണിക്ക്‌ മുമ്പേ പനച്ചിക്കാട് ക്ഷേത്രത്തിന് താഴെയുള്ള അമ്പാട്ടുകടവിലെ ആമ്പൽവസന്തം കാണാനെത്തിയവരുടെ തിരക്ക് തുടങ്ങി. അറുനൂറേക്കർ പാടശേഖരത്താണ് ആമ്പൽ വസന്തം. ഇരുവശത്തുമുള്ള പാടത്തിന് നടുവിലൂടെ പോകുന്ന നാട്ടുപാതയിൽ അനുനിമിഷം വാഹനങ്ങളിൽ എത്തുന്നവർ. കണ്ണെത്താദൂരത്ത് ആമ്പൽ നിറയുന്ന പിങ്ക് കാഴ്ച. ആമ്പലുകൾ കൃഷി ചെയ്യുന്നതല്ല. എല്ലാ വർഷവും ഓണക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ് വെള്ളംനിറഞ്ഞ് അധികം കഴിയുംമുമ്പാണ് ആമ്പൽ പൂത്ത് തുടങ്ങുക. നവംബറിൽ കൃഷി ആരംഭിക്കുന്നതോെട പാടം ഉഴുമ്പോൾ ചെടിയും വിത്തും ഉൾപ്പെടെ എല്ലാം പാടത്തിൽ ചേരുന്നു. വീണ്ടും കൊയ്ത്ത് കഴിയുമ്പോൾ പാടം ആമ്പൽപ്പൊയ്കയായി മാറും. ആമ്പലുകൾ വാണിജ്യാവശ്യങ്ങൾക്കൊന്നും ഉപയോഗിക്കുന്നില്ല. എന്നാൽ കൗതുകത്തിന് വരുന്നവർ കെട്ടുകണക്കിന് പൂ പൊട്ടിച്ചെടുക്കുന്നു. ഒമ്പത് മണിയായതോടെ അമ്പാട്ടുകടവിലെ പാടങ്ങളിൽ സൂര്യപ്രകാശമെത്തി. അപ്പോഴേക്കും ആമ്പൽപ്പൂക്കൾ മെല്ലെ കൂമ്പിത്തുടങ്ങി.

അതിനും മുമ്പ്‌ ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന് കളക്ടർ പി.കെ. സുധീർബാബു എത്തി. മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷിക്കൊരുങ്ങുന്ന അമ്പാട്ടുകടവിലെ പാടങ്ങളിലാണിപ്പോൾ ആമ്പൽ പൂത്തുനിൽക്കുന്നത്. പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തംഗം സുമാ മുകുന്ദൻ അധ്യക്ഷത വഹിച്ചു.

അമ്പാട്ടുകടവിൽ എത്താൻ

കോട്ടയത്തുനിന്ന് ചിങ്ങവനത്തെത്തുക.അവിടെനിന്ന് പരുത്തുംപാറ കഴിഞ്ഞ് പനച്ചിക്കാട് േക്ഷത്രത്തിലേക്ക് പോകുന്ന വഴി അല്പം കഴിയുമ്പോൾ ഇടത്തേക്ക്‌ തിരിയുക.

ഇനി ബോട്ടിൽ ചുറ്റിക്കാണാം

മലരിക്കലിൽ ഇനി 15 ദിവസത്തിലധികം പൂക്കൾ ഉണ്ടാവില്ല. അവിടെ കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. വെള്ളം പമ്പ്‌ ചെയ്ത് വറ്റിക്കുന്നതിനാൽ ആഴംകുറഞ്ഞയിടത്തെ പൂക്കൾ വാടിത്തുടങ്ങി‌. കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ സിനിമാതാരങ്ങളുടെ ഫോട്ടോഷൂട്ട് എടുക്കാനും ടിക് ടോക് ചെയ്യാനും എത്തുന്നവരുടെ തിരക്കായിരുന്നു.ശനിയാഴ്ചയും ആയിരങ്ങളാണ് മലരിക്കലിൽ എത്തിയത്. തിരക്ക് പരിഗണിച്ച് കാഞ്ഞിരം ജെട്ടിയിൽനിന്ന് 21മുതൽ ബോട്ടിൽ യാത്രചെയ്ത് ഇവിടെ ചുറ്റിക്കാണാൻ അവസരമൊരുങ്ങുന്നുണ്ട്. തിരുവാർപ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനും ബോട്ട് സർവീസിലൂടെ സൗകര്യം ഉണ്ടാകും. ഇവിടെനിന്ന് ബസുമുണ്ട്.

മലരിക്കൽ എത്താൻ

കോട്ടയത്തുനിന്നും വൈക്കത്തുനിന്നും ഇവിടേക്ക്‌ എത്തിച്ചേരാൻ എളുപ്പമാണ്. കാഞ്ഞിരം ജങ്‌ഷനിൽനിന്നുമാണ് മലരിക്കലിലേക്ക് പോകേണ്ടത്. സ്വന്തം വാഹനത്തിലാണെങ്കിൽ മലരിക്കൽവരെ പോകാം. കോട്ടയത്തുനിന്നാണെങ്കിൽ കുമരകം റൂട്ടിൽ പോയി ഇല്ലിക്കൽ പാലം കഴിഞ്ഞു ഇടത്തേക്ക് കിളിരൂർ-തിരുവാർപ്പ് റൂട്ടിൽ നാല് കിലോമീറ്റർ.

വിനോദസഞ്ചാരത്തിൽ ഇടം കൊടുക്കും

ഈ സീസണിലാണ് മലരിക്കൽ, അമ്പാട്ട്‌ ഭാഗത്തെ ആമ്പൽവസന്തത്തിന്റെ സൗന്ദര്യം കൂടുതൽ അറിഞ്ഞത്. നീലക്കുറിഞ്ഞികൾക്ക് നൽകിയ അതേ പ്രാധാന്യം ഈ ആമ്പൽപ്പൂക്കൾക്ക് നേടിക്കൊടുത്ത് അതിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനാണ് ശ്രമം. ഇതിന്റെ തുടക്കമായി വകുപ്പിന്റെ സൈറ്റിൽ ഈ ഇടങ്ങളെക്കുറിച്ച് കുറിപ്പ് കൊടുത്ത് കഴിഞ്ഞു. താമസിയാതെ ഈ ആമ്പൽവസന്തത്തെക്കുറിച്ച് ഡോക്കുമെന്ററി തയ്യാറാക്കി അപ് ലോഡ് ചെയ്യും. അടുത്ത സീസണ് മുമ്പായി ഇതിനുസമീപം സർക്കാർ ഭൂമി കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. സ്വകാര്യവ്യക്തികളുടെ ആമ്പൽപ്പാടമായതിനാൽ അതേക്കുറിച്ച് ശരിയായി പഠിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്-പി.ബാലകിരൺ, ഡയറക്ടർ, വിനോദസഞ്ചാരവകുപ്പ്.