ലെജി, അന്നു, നൈനു
കോട്ടയം: വാഹനാപകടത്തില്‍ അമ്മയും രണ്ട് പെണ്മക്കളും മരിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും. ഏറ്റുമാനൂര്‍ പൂവത്തുമ്മൂട് ബൈപ്പാസില്‍ കാറപകടത്തില്‍, കാവുംപാടം കോളനിയില്‍ ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവര്‍ മരിച്ച കേസില്‍ പ്രതിയായ പേരൂര്‍ മുള്ളൂര്‍ ഷോണ്‍ മാത്യു (23)-വിനെയാണ് അഞ്ചുവര്‍ഷം തടവിനും അഞ്ചുലക്ഷം രൂപ പിഴയടയ്ക്കാനും കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്. പിഴത്തുക മരിച്ച കുട്ടികളുടെ അച്ഛന് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. കൊലപാതകമല്ലെങ്കിലും കുറ്റകരമായ നരഹത്യ ചുമത്തിയ കേസിലാണ് വിധി.
2019 മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 1.30-നാണ് കേസിനാസ്പദമായ സംഭവം. ലെജിയും രണ്ട് പെണ്മക്കളും ചെരിപ്പും ചുരിദാറും വാങ്ങാന്‍ ബൈപ്പാസിലെത്തിയതായിരുന്നു. മൂന്നുപേരും നടന്നുപോകുമ്പോള്‍ എതിരേ അതിവേഗത്തില്‍ വന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മൂന്നുപേരും 26 മീറ്ററോളം തെറിച്ചുപോയി. കാര്‍ സമീപത്തെ പുരയിടത്തില്‍ മരത്തില്‍ ഇടിച്ചാണുനിന്നത്. പ്രതിക്കും സാരമായി പരിക്കേറ്റു. അപകടസമയത്ത് ഉണ്ടായിരുന്ന പലരും വിസ്താരസമയത്ത് കൂറുമാറി. സമീപത്ത് തട്ടുകട നടത്തിയിരുന്ന മനില സ്വരാജായിരുന്നു ഏക ദൃക്സാക്ഷി. ഇവര്‍ കോടതിയില്‍ പ്രതിയെ തിരിച്ചറിയുകയും കാര്യങ്ങള്‍ വിശദീകരിക്കുകയുംചെയ്തു. ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ. രേഷ്മ രമേശനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ജയചന്ദ്രന് ഹാജരായി.
മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം
അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിയമസാക്ഷരതാ ക്ലാസുകളും കൗണ്‍സലിങ്ങും നടത്തണം. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപ്പാതകളില്‍ വാഹനം പാര്ക്കുചെയ്യുന്നതിലും വഴിയോരക്കച്ചവടങ്ങളിലും നിയന്ത്രണം കൊണ്ടുവരണമെന്നും വിധിയിലുണ്ട്.
Content Highlights: Accident Kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..