ആനക്കല്ല്: കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിന്റെ സമീപത്തെ ആനക്കല്ല് വളവുകയം തോട്ടിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണ് തോട്ടിലേക്ക് തള്ളിയിരിക്കുന്നത്. റോഡരികിൽ മാലിന്യം ചിതറിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. വീട്ടുമാലിന്യങ്ങൾ മുതൽ അറവുശാലകളിലെ മാലിന്യംവരെ ഇവിടെ കെട്ടിക്കിടക്കുകയാണ്.

തോടിന്റെ സമീപത്ത് താമിസിക്കുന്നവർക്ക് തോട്ടിൽനിന്നുള്ള ദുർഗന്ധംമൂലം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇവിടെ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുകയാണ് ചെയ്യുന്നത്. തോട്ടിൽ വെള്ളമൊഴുക്ക് നിന്നതോടെ മാലിന്യം വെള്ളത്തിൽ കലർന്ന് വെള്ളത്തിന്റെ നിറവും മാറിയനിലയിലാണ്.

മഴയെത്തിയാൽ മലിനജലവും മാലിന്യവും ഒഴുകിയെത്തുന്നത് ചിറ്റാർ പുഴയിലേക്കാണ്. ചിറ്റാർ പുനർജനിയുടെ ഭാഗമായി കൈത്തോടുകളുടെ ശുചീകരിച്ചെങ്കിലും പ്രധാന കൈത്തോടായ ആനക്കല്ല് തോട് ശുചീകരിക്കുന്നതിന് നടപടി ആയിട്ടില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപം തടയുന്നതിനായി കമ്പിവേലികൾ നിർമിക്കാൻ നടപടിയായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ മാലിന്യം വലിച്ചെറിയുന്ന ഇവിടെ കമ്പിവേലി നിർമിക്കുന്നില്ല.

റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ തോട്ടിലേക്ക് വാഹനത്തിൽ ഇരുന്നുതന്നെ മാലിന്യം വലിച്ചെറിയാൻ കഴിയുന്നതിനാലാണ് ഇവിടെ മാലിന്യം കുമിഞ്ഞുകൂടാൻ കാരണം. തോട് ശുചീകരിച്ച് മാലിന്യം തള്ളുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Content Highlights: water pollution