കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകൾ അതത് ഘടകകക്ഷികൾക്കുതന്നെ നൽകാൻ ഇടതുമുന്നണിയിൽ ധാരണ.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ മുന്നണി യോഗത്തിൽ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെ സ്വാഗതം ചെയ്തു. അവർ കൂടി പങ്കെടുക്കുന്ന ആദ്യ മുന്നണിയോഗമായിരുന്നു വെള്ളിയാഴ്ചത്തേത്.

സംസ്ഥാനതലത്തിൽതന്നെ ഇടതുമുന്നണിയിലുണ്ടാക്കിയിട്ടുള്ള ധാരണ വിജയിച്ച സീറ്റുകൾ അതത് കക്ഷികൾക്ക് എന്നതാണ്.

അത് ഇവിടെയും പാലിക്കും. അതേസമയം സിറ്റിങ് സീറ്റുകൾ എന്നാൽ വിജയിച്ചതും മത്സരിച്ചതുമായ സീറ്റുകൾ എന്ന നിർവചനമാണ് സി.പി.ഐ. നൽകിയത്. എന്നാൽ സംസ്ഥാനതല ധാരണ പാലിക്കണമെന്ന സി.പി.എം. നിർദേശം അംഗീകരിക്കപ്പെട്ടു. വിജയിച്ച സീറ്റ് അതത് കക്ഷികൾക്ക് കിട്ടുമ്പോൾ മത്സരിച്ച് തോറ്റ സീറ്റുകൾ വിജയസാധ്യതപ്രകാരം പങ്കുവെക്കും. അതിനായി കക്ഷികൾ ചർച്ച നടത്തണം. 11 സീറ്റുകളാണ് യ.ുഡി.എഫിൽ ഉള്ളപ്പോൾ കേരള കോൺഗ്രസ് ജില്ലാ പഞ്ചായത്തിൽ മത്സരിച്ചത്. അത്രയും നൽകുമോയെന്ന് വ്യക്തതയായിട്ടില്ല. എന്നാൽ മോശമല്ലാത്ത അത്രയും സീറ്റുകൾ അവർക്ക് കിട്ടും.

അഞ്ചിനകം മുഴുവൻ ധാരണ

ഇടതുമുന്നണി യോഗം സീറ്റ് ചർച്ചയിലേക്ക് കടന്നിട്ടില്ല. താഴേത്തട്ടിൽനിന്ന് സീറ്റ് ധാരണകളായി അവസാനം ജില്ലാ പഞ്ചായത്തും തീരുമാനിക്കും. വിജയിച്ച സീറ്റുകൾ അതത് പാർട്ടിക്ക് എന്ന നിലയിലാണ് സംസ്ഥാനതലധാരണ.

വി.എൻ.വാസവൻ, സി.പി.എം. ജില്ലാ സെക്രട്ടറി