മാൻവെട്ടം : ഇരവിമംഗലം പതിനെട്ടാം വാർഡിൽ മണ്ണെടുപ്പ് വ്യാപകമെന്ന് പരാതി. മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പിന്റെയോ, പഞ്ചായത്ത്, വില്ലേജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്നാണ് പരാതി.

പുലർച്ചെ ആറ് മുതൽ നടക്കുന്ന മണ്ണെടുപ്പിനെതിരേ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാതെ വന്നതോടെ പഞ്ചായത്തംഗം എത്സമ്മ ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചു വ്യാഴാഴ്ച ടിപ്പർ ലോറികൾ തടഞ്ഞു. തുടർന്ന് പോലീസിനെ വിവരമറിയിച്ചതോടെ പ്രകോപിതരായ തൊഴിലാളികൾ ടിപ്പറും ജെ.സി.ബി.യും ഉപയോഗിച്ചു ആളുകളെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

പോലീസെത്തുംമുമ്പ് വാഹനങ്ങളുമായി ഇവർ കടന്നു കളഞ്ഞതായും സമരക്കാർ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളുടെ നമ്പരുകൾ പോലീസിന് കൈമാറിയതായി പഞ്ചായത്തംഗം പറഞ്ഞു.

മഴക്കാലത്ത് മണ്ണുമായി പായുന്ന ടിപ്പർ ലോറികളുടെ ഓട്ടത്തിൽ റോഡുകൾ തകരുന്നതായും ചെളിനിറയുന്നതായും പരാതിയുണ്ട്.

കൂടാതെ ലോറികളുടെ ഓട്ടത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ തകരുന്നതായും നാട്ടുകാർ പറയുന്നു.

പോലീസിനെ കമ്പളിപ്പിക്കാൻ പി.ഡബ്‌ള്യു.ഡി. ഡ്യൂട്ടി എന്ന ബോർഡും െവച്ചാണ് വാഹനങ്ങളുടെ ഓട്ടമെന്നും ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തംഗവും നാട്ടുകാരും ആവശ്യപ്പെട്ടു.