കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സംസ്ഥാന ജൈവവൈവിധ്യ സ്‌കൂൾ പുരസ്‌കാരം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിന് ലഭിച്ചു. 2019-20 വർഷത്തിൽ സ്‌കൂളിലെ ജീവൻ ജൈവവൈവിധ്യക്ലബ്ബ് കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ്‌ പുരസ്‌കാരം.

ജൈവവൈവിധ്യപാർക്ക്, രജിസ്റ്റർ, പരിസ്ഥിതി മലിനീകരണത്തിനെതിരേയുള്ള വിവിധ പദ്ധതികൾ, ഗ്രീൻ ലേഡി വോക്ക്, നാടൻ ഭക്ഷ്യ ഇനങ്ങളുടെയും ഇലകളുടെയും ഫെസ്റ്റ്, വെള്ളീച്ചകൾക്കെതിരേ പ്രയോഗിക്കുന്ന ജൈവ കീടനാശിനികളുടെ കണ്ടെത്തൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, പുഴകളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും സംരക്ഷണം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ‘പുല്ല്’ എന്ന പേരിൽ ഷോർട്ട് ഫിലിം, മാഗസിനുകൾ എന്നിവ വിദ്യാർഥികളുടെ നേതൃത്വത്തിൽ പുറത്തിറക്കി. പഞ്ചായത്തുമായി ചേർന്ന് നടത്തിയ പരിസ്ഥിതി അവലോകന യോഗത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ വിവിധ മലിനീകരണപ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിച്ചിരുന്നു. മാനേജർ സിസ്റ്റർ ജാൻസി മരിയ, പ്രഥമാധ്യപിക സിസ്റ്റർ ഡയസ് മരിയ, ജീവൻ ജൈവവിധ്യ ക്ലബ്ബ് കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.