ഏറ്റുമാനൂർ : അടിച്ചിറ ആമോസ് സെൻററിനു സമീപത്തുള്ള അഞ്ചു വീടുകളിൽ മോഷണശ്രമം നടത്തിയത് കുറുവ സംഘമെന്ന്‌ സംശയം. പുലർച്ചെ രണ്ടു മണിക്ക് ശേഷമാണ് ഇവിടങ്ങളിൽ മോഷണശ്രമം നടന്നത്. ശ്രുതിയിൽ പുരുഷോത്തമന്റെ വീടിന്റെ വെൻറിലേഷനിൽ സ്ഥാപിച്ചിരുന്ന ചില്ലുകൾ ഇളക്കി മാറ്റിയതിനു ശേഷം പാര ഉപയോഗിച്ച് കമ്പികൾ വളച്ച് അകത്തു കടക്കാനായിരുന്നു ശ്രമം. തൊട്ടടുത്ത രാജേഷിന്റെ വീടിന്റെ ജനൽച്ചില്ല് തകർത്ത് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് മോഷണ ശ്രമം നടത്തി . വീടുകളുടെ പരിസരങ്ങളിലെല്ലാം രണ്ടോ മൂന്നോ പേരുടെ കാല്പാടുകൾ വ്യക്തമായിരുന്നു.

കോട്ടയം നഗരസഭ ഒന്നാം വാർഡ് കൗൺസിലർ സാബുമാത്യു വിവരമറിയിച്ചതനുസരിച്ച് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ പ്രധാന വഴികളിൽ സി. സി. ടി.വി. ക്യാമറകൾ സ്ഥാപിക്കാനും ശ്രമം ആരംഭിച്ചു. പോലീസ് പട്രോളിംഗിനൊപ്പം ദ്രുതകർമ്മ സേനയും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് രാത്രി മുഴുവൻ വാർഡിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് കൗൺസിലർ സാബു മാത്യു അറിയിച്ചു.