ഏറ്റുമാനൂർ : കേരള കോൺഗ്രസ് (ജോസഫ്), കോൺഗ്രസ് നേതൃത്വത്തെ ബ്ലാക്ക്മെയിൽ ചെയ്തതുകൊണ്ടാണ് എനിക്ക് ഔദ്യോഗിക സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ യു.ഡി.എഫ്. റിബൽ സ്ഥാനാർഥിയും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മോളി ലൂയിസ് ആരോപിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റുമാനൂർ സീറ്റ് ലക്ഷ്യംെവച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന നേതൃത്വവും ഇതിന് കൂട്ടുനിന്നു.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളും യു.ഡി.എഫ്. അനുഭാവികളുമാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കാൻ നിർബന്ധിച്ചത്.
ജില്ലാ പഞ്ചായത്ത് അല്ലെങ്കിൽ ബ്ലോക്ക് ഡിവിഷൻ തരാമെന്നും പറഞ്ഞു. എന്നാൽ അവസാനനിമിഷം കേരള കോൺഗ്രസിന് വഴങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു.പള്ളിക്കത്തോട്അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്താണെങ്കിലും ചില അടിസ്ഥാനപ്രശ്‌നങ്ങൾ ബാക്കിയാവുന്നു. ഗ്രാമപ്പഞ്ചായത്തിലെ വികസന പ്രശ്‌നങ്ങളെക്കുറിച്ച് ജനം പ്രതികരിക്കുന്നു.
ഗതാഗതപ്രശ്‌നം
പള്ളിക്കത്തോട് നിവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ടൗണിലെ പാർക്കിങ് പ്രശ്‌നം. ഇവിടുത്തെ റോഡിന് വീതികുറവാണ്. ഇതിനിടെ വ്യാപാര സ്ഥാപങ്ങളിൽ എത്തുന്നവർ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനടക്കാർക്കും മറ്റു വാഹനങ്ങൾക്കും പോകാൻ പ്രയാസമാണ്. ടൗണിലും പൊതുശൗചാലയം സ്ഥാപിക്കണം. അത് വൃത്തിയുള്ളതായി സൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം. ലക്ഷങ്ങൾ മുടക്കി ടൗണിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം. ടൗണിലെ പൊളിച്ച നടപ്പാത പുനഃസ്ഥാപിക്കണം.
ജോയൽ ജോയി,വടാനയിൽ
കുടിവെള്ളപ്രശ്‌നം
അടിയന്തര പ്രാധാന്യം കൊടുക്കേണ്ട വിഷയം കുടിവെള്ളപ്രശ്‌നമാണ്. പല വാർഡുകളിലും ഇപ്പോഴും അവശ്യത്തിനു കുടിവെള്ള പദ്ധതികളില്ല.
അതിനു അടിയന്തര പരിഹാരം ഉണ്ടാവണം. ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം വൃത്തിഹീനമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അടിയന്തരപ്രധാന്യം നൽകി ശൗചാലയം പ്രവർത്തനസജ്ജമാക്കണം. കല്ലാടംപെയ്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം. എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
വിനോദ് കുമാർ,കൊമ്പിലാക്കൽ
തൊഴിൽപ്രശ്നം
തൊഴിലില്ലായ്മ പരിഹരിക്കുവാൻ പഞ്ചായത്ത് തലത്തിൽ നടപടിവേണം. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരം മെച്ചപ്പെടുത്തണം. ഗ്രാമീണ റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കണം. തെളിയാത്ത വിളക്കുകൾ നന്നാക്കണം. എല്ലാ വാർഡുകളിലേയും മാലിന്യങ്ങൾ ശേഖരിക്കുന്നതിനും അവയുടെ സംസ്‌കരണത്തിനും നടപടി സ്വീകരിക്കണം. ഓൺലൈൻ പഠന സൗകര്യത്തിനായി ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ലഭ്യമാക്കണം. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം. ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം ഉപയോഗപ്രദമാക്കണം.
കെ.എം.ശ്രുതി, കണിയാൻപറമ്പിൽ
യു.ഡി.എഫിന്റെ ജില്ലാപഞ്ചായത്ത് സ്ഥാനാർഥിക്ക് കോവിഡ്
പൊൻകുന്നം : ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിലെ യു.ഡി.എഫ്.സ്ഥാനാർഥി എം.എൻ.സുരേഷ് ബാബുവിന് കോവിഡ്. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായത്. നേരത്തേ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.എം.സേതുരാജ് കോവിഡ് പോസിറ്റീവായിരുന്നു. ഇരുവരുമൊന്നിച്ച് വാഴൂരിൽ സമ്മേളനത്തിൽ പങ്കെടുത്തതിനാലാണ് സ്ഥാനാർഥിക്ക് കോവിഡ് പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കുമരകം : യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് കുഞ്ഞച്ചൻ വേലിത്തറ അധ്യക്ഷത വഹിച്ചു. ലതികാ സുഭാഷ്, കുഞ്ഞ് ഇല്ലംപള്ളി, അഡ്വ. പി.എസ്.ജെയിംസ്, അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. ജി.ഗോപകുമാർ, അഡ്വ. വിഷ്ണു മണി, എ.വി.തോമസ്, അനീഷ് വല്യാറ തുടങ്ങിയവർ പ്രസംഗിച്ചു.