അയർലൻഡുകാരനായ ജെ.ജെ.മർഫിയിലൂടെ പേരെടുത്ത ഗ്രാമം. ഇന്ത്യയിൽ ആദ്യമായി എസ്റ്റേറ്റ് രീതിയിൽ റബ്ബർകൃഷി നടപ്പാക്കിയ പ്രദേശം മുണ്ടക്കയത്തിനടുത്താണ്. കൂട്ടിക്കൽ പഞ്ചായത്തിലെ ഒൻപതാംവാർഡാണിപ്പോൾ ഏന്തയാർ. 1904-ൽ ഇവിടെ താമസം തുടങ്ങിയ മർഫിയാണ് റബ്ബർക്കൃഷി തുടങ്ങിയത്. 1957-ൽ മരിക്കുന്നതുവരെ മർഫി താമസിച്ചതിവിടെയാണ്. തമിഴിൽ പ്രാവീണ്യമുണ്ടായിരുന്ന മർഫി, എന്റെ അമ്മയും പുഴയും എന്ന അർഥത്തിൽ പ്രയോഗിച്ച ഏൻ തായ് ആറ് എന്നതിൽനിന്നാണ് ഏന്തയാർ എന്ന പേരുണ്ടായത്. ജെ.ജെ.മർഫിയുടെ ശവകുടീരവും മർഫിയുടെ സ്മാരകമായി സ്‌കൂളും ഉണ്ടിവിടെ.
വെൺമലൈനാട് എന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന വൈക്കം. പിന്നീട് വടക്കുംകൂർ രാജവംശത്തിന്റെ അധീനതയിലായി. വൈക്കം നഗരസഭയിലെ 19-ാം വാർഡിന്റെ പേരാണ് വി.കെ.വേലപ്പൻ. നഗറെന്നോ മറ്റുവിശേഷണങ്ങളോ ഇല്ലാതെയാണ് വാർഡിന്റെ പേര്. മന്ത്രിസ്ഥാനത്തിരിക്കെ മരിച്ച ആദ്യ കേരളീയൻ. കോൺഗ്രസ് നേതാവായിരുന്ന വി.കെ.വേലപ്പൻ ആരോഗ്യ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെ 1962 ഓഗസ്റ്റ് 26-നാണ് അന്തരിച്ചത്. 1927 മുതൽ വൈക്കത്ത് നഗരസഭാംഗം. 1938 മുതൽ 1952 വരെയും 1956 മുതൽ 1960 വരെയും ചെയർമാനുമായി. ശ്രീമൂലംപ്രജാസഭാംഗവും തിരുവിതാംകൂർ നിയമസഭാംഗവുമായി. എൻ.എസ്.എസ്.പ്രസിഡന്റുമായിട്ടുണ്ട്.