വൈക്കം : പള്ളിപ്രത്തുശ്ശേരി സർവീസ് സഹകരണബാങ്ക് വൈക്കത്ത് കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ മുൻവശത്ത് വാങ്ങിയ സ്ഥലത്ത് നിർമിക്കുന്ന മൾട്ടി സർവീസ് സെന്ററിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. 65,000 ചതുരശ്ര അടി വീതി വിസ്താരത്തിൽ നിർമിക്കുന്ന നാലുനില കെട്ടിടത്തിന് 17 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. സമ്മേളനത്തിൽ സി.കെ.ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, സെക്രട്ടറി എൻ.കെ.സെബാസ്റ്റ്യൻ, ടി.ആർ.അനിയപ്പൻ, സ്‌കറിയ ആന്റണി എന്നിവർ പരിപാടികൾ വിശദീകരിച്ചു.