കടുത്തുരുത്തി : കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയിൽ തുടർച്ചയായ ആറാമത്തെ ആഴ്ചയിലും കല്ലറ ഗ്രാമപ്പഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയിൽ. ജൂലായ് 21 മുതൽ 28വരെയുള്ള ഒരാഴ്ചയിലെ ശരാശരി കണക്കിൽ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശസ്ഥാപന മേഖലയും കല്ലറയാണ്, 2.38 ശതമാനം.

ഏറ്റവും പുതിയ കണക്കുപ്രകാരം കഴിഞ്ഞ ഒരാഴ്ച ഇവിടെ പരിശോധനയ്ക്ക് വിധേയരായ 588 പേരിൽ 14 പേർക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാലയവളിൽ പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണത്തിൽ പഞ്ചായത്ത് 38-ാംസ്ഥാനത്താണ്.

ജനപ്രതിനിധികളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വാർഡുതല ജാഗ്രതാ സംവിധാനമാണ് കല്ലറയുടെ പ്രതിരോധത്തിന് കരുത്തേകുന്നത്. അഞ്ചുവീതം വൊളന്റിയർമാരാണ് ഓരോ വാർഡിലുമുള്ളത്. രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിനാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയത്. ഇതുസംബന്ധിച്ച നിർദേശങ്ങൾ എല്ലാ വീടുകളിലും എത്തിക്കുന്നതിന് പഞ്ചായത്തംഗങ്ങൾതന്നെ മുൻകൈയെടുത്തു. ബോധവത്കരണ വീഡിയോ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വ്യാപാരികളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് രോഗ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് നിർദേശം നൽകി.