ചങ്ങനാശ്ശേരി : ബൈപ്പാസ് റോഡിൽ ഫ്രീക്കൻമാരുടെ റേസിങ്ങിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. പാലാത്ര-ളായിക്കാട് ബൈപ്പാസ് റോഡിൽ ഇത്തരത്തിൽ സംഭവിക്കുന്നത് നിരവധി അപകടങ്ങളാണ്.

കഴിഞ്ഞ ഒരുമാസമായി ബൈപ്പാസ് റോഡിൽ അപകടകരമായ രീതിയിൽ റേസിങ്‌ നടക്കുന്നതായി പ്രദേശത്തുള്ള വ്യാപാരികളും പറയുന്നു. ബെപ്പാസ് റോഡിലൂടെയെത്തിയ കാറിന് മുൻപിൽ അഭ്യാസംകാണിച്ച ബൈക്ക് കാറിൽ ഇടിച്ച് നാലുദിവസം മുമ്പ് അപകടം സംഭവിച്ചിരുന്നു. കാർ പെട്ടെന്ന് നിർത്തിയതിനാൽ വലിയ ദുരന്തമാണ് അന്ന്‌ ഒഴിവായത്.

െബെക്കുകൾ മുംബൈ രജിസ്ട്രേഷനിൽഉള്ളവ

ആളൊഴിഞ്ഞ സ്ഥലവും കാമറാ നിരീക്ഷണവും പോലീസ് പരിശോധനയുമില്ലാത്തതാണ് ഫ്രീക്കൻമാർ ബൈപ്പാസ് റോഡ് തിരഞ്ഞെടുക്കാൻ കാരണം. പ്രദേശവാസികൾക്കോ മറ്റുള്ളവർക്കോ ബൈപ്പാസിലേക്ക്‌ വാഹനവുമായി ഇറങ്ങാനോ കാൽനടയാത്രയ്ക്കോ സാധ്യമാകാത്ത തരത്തിലാണ് ഇവരുടെ പ്രകടനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടത്തെത്തുടർന്ന് പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ല. അപകടത്തിൽപ്പെടാത്ത വാഹനങ്ങൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.

പകൽ ആരംഭിക്കുന്ന റേസിങ്ങുകൾ അർധരാത്രി കഴിഞ്ഞാലും തുടരുന്നുണ്ട്. ഡസനോളം വിവിധ മോഡലിലെ ബൈക്കുകളാണ് റേസിങ്ങിനെത്തുന്നത്. ഈ വിലകൂടിയ ബൈക്കുകൾക്ക് രേഖകളില്ലാത്തതാണെന്നും പറയപ്പെടുന്നു. രേഖകളില്ലാത്തതിനാൽ ബൈക്കിലെത്തുന്ന സംഘം നിയമനടപടിയിൽനിന്ന്‌ രക്ഷപ്പെടും.

അപകടങ്ങൾ വർധിക്കുന്നതിനെത്തുടർന്ന്, പോലീസ് പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, സി.ഐ. പ്രശാന്ത് തുടങ്ങിയവർ അപകടംനടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.

ഈരയിൽകടവിൽ അപകടം മൂന്നാംവട്ടം

കോട്ടയം-ഈരയിൽകടവ് ബൈപ്പാസിൽ കഴിഞ്ഞവർഷം ബൈക്ക് ജമ്പിങ്ങും റേസിങ്ങുംമൂലം മൂന്ന് അപകടങ്ങളാണ്‌ ഉണ്ടായത്. ഇവിടെ മോട്ടോർവാഹന വകുപ്പ് എന്നും പരിശോധന നടത്തി വണ്ടികൾ പിടിച്ചെടുത്താണ് റേസിനെ അമർച്ചചെയ്തത്.

ബൈക്കിന് രൂപമാറ്റം: നമ്പരും വ്യാജം

ബൈക്ക് രൂപമാറ്റം അംഗീകൃതമല്ല. നമ്പർപ്ലേറ്റുകൾ പലതിലും വ്യാജം. മുൻവശത്തെ ടയർ വളരെ തേഞ്ഞുപോയത്. ജമ്പിങ്ങിനെത്തിയവരിൽ ഭൂരിഭാഗവും 18 വയസ്സിൽതാഴെയുള്ളവർ. ഇവർക്ക് ലൈസൻസുമില്ല. 25,000 രൂപവരെ പിഴയീടാക്കിയിരുന്നു.