കോട്ടയം : ടി.ബി.റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്്. തിങ്കളാഴ്ച രാത്രി 10.30-ഒാടെയായിരുന്നു സംഭവം. തിരുവാർപ്പ് മുപ്പതിൽ വിഷ്ണു (28), യാത്രക്കാരൻ ഷാനവാസ് എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുശേഷം പി.ഡബ്ള്യു.ഡി. റെസ്റ്റ് ഹൗസിന് സമീപമുള്ള കൊടുംവളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്താൽ ഡ്രൈവർ ഒാട്ടോറിക്ഷയ്ക്കകത്ത് കുടുങ്ങിയ നിലയിലായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് ഓട്ടോറിക്ഷ പൊക്കിനീക്കി ഒാട്ടോഡ്രൈവർ വിഷ്ണുവിനെ പുറത്തെടുത്തത്. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഒാഫീസർ പി.എൻ.അജിത്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു.

സംഭവം

തിങ്കളാഴ്ച

രാത്രി 10.30-ന്