കോട്ടയം : സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി യാത്രാസൗകര്യം സുഗമമാക്കാൻ കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർദേശം നൽകി. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ കൺസഷനുവേണ്ടി മുമ്പ് ഉപയോഗിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. സ്‌കൂൾ തുറന്ന് 15 ദിവസത്തിനകം പുതിയ കാർഡ് ലഭ്യമാക്കും. ഡോക്ടർ ഓൺ കോൾ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കി. കളക്‌ടറേറ്റിൽ കൂടിയ ജില്ലാതല സുരക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.

സ്‌കൂളുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് ഡോക്ടറുടെയും കൗൺസിലറുടേയും സേവനം, കോവിഡ് വാക്‌സിനേഷൻ, ആംബുലൻസ് സഹായങ്ങൾ എന്നിവ സ്‌കൂളുകൾക്ക് ലഭിക്കും. അധ്യാപകർക്കും അനധ്യാപകർക്കുമാണ് വാക്‌സിൻ ലഭ്യമാക്കുക.

തെർമൽ സ്‌കാനർ, മാസ്‌ക്, സാനിറ്റൈസർ എന്നിവ സ്‌കൂളുകളിൽ ഉറപ്പാക്കും. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടക്കുന്നു. സ്‌കൂളുകളിലെ ശുചീകരണമടക്കമുള്ള പ്രവൃത്തികൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്‌ടർ നിർദേശം നൽകി.

യോഗത്തിൽ വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, എൽ.എസ്.ജി.ഡി. എക്‌സിക്യുട്ടീവ് എൻജിനീയർ ടി.എം. അശോകൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനിത കുമാരി, ജോയിന്റ് ആർ.ടി.ഒ. ഡി. ജയരാജ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പ്രസാദ്, എസ്.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ മാണി ജോസഫ് എന്നിവർ പങ്കെടുത്തു.

സ്വകാര്യബസുകൾ എല്ലാ ട്രിപ്പുകളിലും സർവീസ്‌ നടത്തണം

കോട്ടയം : കളക്‌ടറുെട യോഗതീരുമാനപ്രകാരം വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളും അനുവദിച്ചിരിക്കുന്ന എല്ലാ ട്രിപ്പുകളിലും സർവീസ്‌ നടത്തണമെന്ന്‌ കോട്ടയം ആർ.ടി.ഒ.യുടെ ഉത്തരവ്‌.

യൂണിഫോം നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ സ്‌കൂൾ അധികൃതർ നൽകുന്ന തിരിച്ചറിയൽ രേഖയുടെ അടിസ്‌ഥാനത്തിൽ വിദ്യാർഥികൾക്ക്‌ കൺസഷൻ അനുവദിക്കണം. വിദ്യാർഥികൾക്കുണ്ടാകുന്ന യാത്രാബുദ്‌ധിമുട്ടുകളുടെ അടിസ്‌ഥാനത്തിൽ ലഭിക്കുന്ന പരാതികളിൽ കണ്ടക്‌ടറുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർ.ടി.ഒ. അറിയിച്ചു.