കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ ശബരിമല തീർത്ഥാടകർക്കുവേണ്ടി പ്രത്യേകമായി നിർമ്മിക്കുന്ന മൂന്ന് നിലയിലുള്ള പിൽഗ്രിം സെന്റർ നവംബർ അവസാനത്തോടെ തുറന്നു നൽകുമെന്ന്‌ തോമസ് ചാഴികാടൻ എം.പി. ദക്ഷിണ റെയിൽവേയുടെ ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ് രാമസ്വാമിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു എം.പി. .മൂന്ന് നിലകളിലായി 450 തീർഥാടകർക്ക് വിശ്രമിക്കുവാനുള്ള സൗകര്യവും 60 പേർക്കുള്ള ടോയ്ലറ്റ് സൗകര്യവും ഉണ്ടാകും.

സ്റ്റേഷനിലെ എസ്കലേറ്റര് പുനസ്ഥാപിക്കാനുള്ള നടപടികൾ ജനുവരിയോടെ പൂർത്തിയാകും. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനേയും രണ്ടാം നമ്പർ പ്ലാറ്റ് ഫോമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും.

നിലവിൽ പാഴ്സൽ ഓഫിസിലേക്കുള്ള പ്രവേശന പാത വികസിപ്പിച്ചു അംഗപരിമിതർക്കായി തുറന്നു കൊടുക്കും. പാർസൽ ഓഫീസിന്റെ വാതിൽ വീതി കൂട്ടി മെച്ചപ്പെട്ട സൗകര്യം ഒരുക്കും. ആർ. എം.എസ് നു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് പുതിയ കവാടം തുറക്കും. . ബുക്കിംഗ് ഓഫീസ്, റിസർവേഷൻ കൗണ്ടർ, പ്ലാറ്റ് ഫോമിന്റെ പ്രധാന ഭാഗം എന്നിവ സീലിങ്ങ്, പാനലിങ്ങ് ജോലികൾ നടത്തി മനോഹരമാക്കും.

യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി സജ്ജീകരിക്കും

രണ്ടാം കവാടം നിർമാണം എത്രയുംവേഗം പൂർത്തിയാക്കും. അതിനുശേഷം, കൂടുതൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനായി ഇവിടെ സ്ഥലം കണ്ടെത്തും. സ്റ്റേഷനിലെ നവീകരണം പൂർത്തിയാകുമ്പോൾ പ്ളാറ്റ്ഫോമുകളുടെ നീളവും വർധിക്കും. നിലവിൽ 546 മീറ്റർ നീളമുള്ള ഒന്നാം പ്ളാറ്റ്ഫോം 760 മീറ്ററായി. അതോടെ 24, 26 കോച്ചുകൾവരെയുള്ള െട്രയിനുകൾ ഇവിടെ നിർത്തിയാൽ അനായാസം യാത്രക്കാർക്ക് പ്ളാറ്റ്ഫോമിൽ ഇറങ്ങാൻ കഴിയും. രണ്ടാം പ്ളാറ്റ്ഫോം 500 മീറ്ററിൽനിന്ന് 627 ആയും വർധിക്കും. മൂന്നാം പ്ളാറ്റ്ഫോമിന്റെ നീളം 390-ൽനിന്ന് 647 ആയി വർധിക്കും. കൂടാതെ 647 മീറ്ററുള്ള നാലാം പ്ളാറ്റ്ഫോമുമുണ്ടാകും.

മെമു, പാസഞ്ചർ െട്രയിനുകൾക്ക് മാത്രമായി 327 മീറ്ററുള്ള പുതിയ പ്ളാറ്റ്ഫോമും അതിനോടുചേർന്ന് മറ്റൊരു കവാടവും നിർമിക്കും. പത്രപ്രവർത്തകർക്ക് യാത്രാനിരക്കിൽ 50 ശതമാനം കൺസെഷൻ അനുവദിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ പി.എ.ധനഞ്ജയൻ, ഡിവിഷണൽ എൻജിനീയർ (സ്പെഷ്യൽ വർക്ക്) എ.വി.ശ്രീകുമാർ എന്നിവർ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.