ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ബോട്ട് സർവീസിന് തടസ്സമായി മരത്തടി. കെ.സി. പാലത്തിനു താഴെയാണ് വെള്ളപ്പൊക്കത്തിെലത്തിയ തടി കിടക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇതുവഴിയുള്ള ജലഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ, യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടിലാണ്. ജലനിരപ്പ് താഴ്ന്നിട്ടും ബോട്ട് ഗതാഗതം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. താലൂക്കിന്റെ ഉൾനാടൻ പ്രദേശവാസികൾക്കും കുട്ടനാടൻ പ്രദേശവാസികൾക്കുമാണ് സർവീസ് നിലച്ചതോടെ ഏറെ ദുരിതം. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്ന് എ.സി.റോഡിൽ ഗതാഗതം തടസ്സപ്പെട്ടപ്പോൾ ഏകമാർഗം ബോട്ട് സർവീസ് ആയിരുന്നു. കെ.സി. പാലം താഴ്ന്നു നിൽക്കുന്നതിനാൽ ബോട്ട് കടന്നുപോകാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.