വൈക്കം : ബി.ജെ.പി. വൈക്കം നഗരസഭയിലേക്ക് നടത്തിയ സമരത്തിനിടയിൽ അക്രമം. നഗരസഭാ കവാടത്തിൽ ബി.ജെ.പി.പ്രവർത്തകരെ പോലീസ് തടഞ്ഞു.തുടർന്ന് പോലീസും ബി.ജെ.പി.പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

ബി.ജെ.പി.കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ച പോലീസുകാർക്കെതിരേ നടപടിവേണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം.

നഗരസഭാ കൗൺസിൽ അറിയാതെ പണം ചെലവഴിക്കുന്നു, അഴിമതി എന്നിവയ്‌ക്കെതിരേയായിരുന്നു സമരം.സമരക്കാർ നഗരസഭ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പോലീസ് അവരെ തടഞ്ഞു. ഇതിനിടെ ബി.ജെ.പി.നഗരസഭാ കൗൺസിലർമാരായ ബി.ഗിരിജാകുമാരി, ലേഖാ അശോകൻ, എം.കെ.മഹേഷ്, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് വിനൂപ് വിശ്വം, യുവമോർച്ച ജില്ലാ വൈസ്‌പ്രസിഡന്റ് കെ.ആർ.ശ്യാം എന്നിവരുൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.

ഗിരിജാകുമാരിയുടെ കാൽ ഒടിഞ്ഞു. ലേഖാ അശോകന്റെ കൈവിരലുകൾക്ക് പരിക്കേറ്റു. ബി.ജെ.പി. സംസ്ഥാനസമിതി അംഗം ബി.രാധാകൃഷ്ണമേനോൻ, മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, ജില്ലാ ഉപാധ്യക്ഷൻ പി.ജി.ബിജുകുമാർ, മണ്ഡലം സെക്രട്ടറി മഹേഷ്, ഐ.ടി.ഇൻചാർജ് പദ്മകുമാർ അഴീക്കൻ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.

ബി.ജെ.പി.പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരേ നടപടിവേണമെന്ന് ജില്ലാപ്രസിഡന്റ് ലിജിൻലാൽ ആവശ്യപ്പെട്ടു. പോലീസ് അക്രമത്തിനെതിരേ ബി.ജെ.പി.പ്രവർത്തകർ പ്രകടനം നടത്തി.

പ്രതിഷേധത്തിനിടയാക്കിയത് നഗരസഭയുടെ അവസാന തീരുമാനം

വൈക്കം : ബുധനാഴ്ച ബി.ജെ.പി.യുടെ പ്രതിഷേധത്തിന് ഇടയാക്കിയത് ചൊവ്വാഴ്ച നഗരസഭയിലെടുത്ത തീരുമാനമാണ്. ബീച്ചിലെ പുല്ലുവെട്ടിയതിന് 90,000 രൂപ ചെലവാെയന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, ടെൻഡർപോലും വിളിക്കാതെ പെട്ടെന്നെടുത്തതീരുമാനം അഴിമതി നടത്താനാണെന്ന് സി.പി.എം., സി.പി.ഐ., ബി.ജെ.പി, അംഗങ്ങളും കേരള കോൺഗ്രസും(എം) അന്ന് ആരോപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇത് 77,000 രൂപയാക്കി കുറച്ച് കരാറുകാരൻ ബിൽസമർപ്പിച്ചു.

ചൊവ്വാഴ്ച വിഷയം കൗൺസിലിൽ ചർച്ചയ്ക്കെടുത്തപ്പോൾ സി.പി.എമ്മിലെ അഞ്ചുപേരിൽ മൂന്നുപേർ പാസാക്കുന്നതിനെ അനുകൂലിച്ചു. എന്നാൽ, എസ്.ഇന്ദിരാദേവി വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. മറ്റൊരു സി.പി.എം. കൗൺസിലറായ സുശീല എം.നായർ കൗൺസിലിൽ പങ്കെടുത്തുമില്ല. ഇതോടെ ഭരണസമിതി കൊണ്ടുവന്ന ബിൽ പാസാകുകയായിരുന്നു. സി.പി.ഐ., കേരള കോൺഗ്രസ് എം, ബി.ജെ.പി. കൗൺസിലർമാർ പാസാക്കരുതെന്ന് ആവശ്യപ്പെട്ടു. 77,000 രൂപയുടെ ബിൽ അധിക തുകയാണെന്ന് ഇവർ ആരോപിച്ചു. ബീച്ചിലെ പുല്ലുവെട്ട് അഴിമതിയാണെന്നും ബിൽ പാസാക്കരുതെന്നും സി.പി.എം. ഉൾപ്പെട്ട എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ചൊവ്വാഴ്ചത്തെ കൗൺസിലിൽ സി.പി.എം. നിലപാട് മാറ്റുകയായിരുന്നു. നിശ്ശബ്‌ദരാക്കാമെന്ന വ്യാമോഹം വേണ്ടാ

അഴിമതിക്കെതിരേ ശബ്ദിക്കുന്നവരെ പോലീസിനെകൊണ്ട് നിശബ്‌ദരാക്കാമെന്ന വ്യാമോഹം ഭരണ-പ്രതിപക്ഷ കക്ഷികൾക്കുവേണ്ട. അഴിമതിക്ക്‌ യു.ഡി.എഫിന് കുട പിടിക്കുന്ന സമീപനമാണ് വൈക്കം നഗരസഭയിൽ സി.പി.എം. നടത്തുന്നത്.

അഴിമതിക്കെതിരേ സമരംചെയ്ത വനിതാകൗൺസിലർമാരെ പുരുഷ പോലീസുകാരെകൊണ്ട് കൈയേറ്റംചെയ്ത നടപടി മുഖ്യമന്ത്രിയുടെ അനുമതിയോടെയാണോയെന്ന് വ്യക്തമാക്കണം

എൻ.ഹരി,

ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ്

നഗരസഭാ ഭരണത്തിൽ അഴിമതി

അനധികൃതമായി പണം ചെലവഴിച്ചശേഷം കൃത്രിമമായി ഫയലുണ്ടാക്കുന്ന രീതിയാണ് നഗരസഭയിൽ നടക്കുന്നത്. അഴിമതിക്കെതിരേ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. നഗരസഭാംഗങ്ങളെ തല്ലിച്ചതച്ചവർക്കെതിരേ നടപടിയെടുക്കണം.

ആർ.സന്തോഷ്,

സി.പി.ഐ. പാർലമെന്ററി പാർട്ടി ലീഡർ