മണർകാട് : പതിനായിരത്തിലേറെ ചെടികൾ വില്പനയ്ക്ക് തയ്യാറായി. ഇത് വിറ്റുകിട്ടുന്ന പണംകൊണ്ടുവേണം കുട്ടികൾക്ക് പഠനസൗകര്യം മെച്ചപ്പെടുത്താൻ. ഏറെ പഴക്കംചെന്ന മണർകാട് സി.എം.എസ്.എൽ.പി. സ്കൂളിന്റെ പുനരുദ്ധാരണ പ്രവത്തനങ്ങൾക്കാണ്‌ വേറിട്ട ധനസ്വരൂപണ മാർഗവുമായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും രംഗത്തെത്തിയത്. ഇതിനായി കണ്ടെത്തിയ മാർഗം ‘മലർക്കാട്’ എന്നപേരിൽ ചെടികളുടെ വില്പനയും.

10 ചെടികളടങ്ങുന്ന കിറ്റ് 500 രൂപയ്ക്കാണ് വിൽക്കുന്നത്. ഹാങ്ങിങ് പ്ലാന്റ്‌സ്, ഇൻഡോർ പ്ലാന്റ്‌സ്, ഇലച്ചെടികൾ, പൂച്ചെടികൾ, അഗ്ലോണിമ ബിഗോണിയ കൊളക്കേഷിയ, വള്ളിച്ചെടികൾ എന്നീ വിഭാഗത്തിൽപ്പെടുന്ന ചെടികളാണുള്ളത്. വ്യത്യസ്തമായ നിറങ്ങളിലുള്ള പത്തുമണി, കോളിയസ്, ചെമ്പരത്തി എന്നിവയുമുണ്ട്. ചെടിക്കിറ്റുകളുടെ വില്പന വ്യാഴാഴ്ച രാവിലെ സ്കൂളിൽനടക്കുന്ന ചടങ്ങിൽ മധ്യകേരള മഹായിടവക ബിഷപ്പ് സാബു കെ. ചെറിയാൻ നിർവഹിക്കും.