കോട്ടയം : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അതിരമ്പുഴ പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നൽകാൻ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടെന്ന് തോമസ് ചാഴികാടൻ എം.പി.

അപേക്ഷ ലഭിച്ചശേഷം സ്ഥലപരിശോധന നടത്തി അംഗീകാരം നൽകും. റെയിൽവേ സ്റ്റേഷൻ-കാട്ടാത്തി റോഡ് നവീകരണത്തിന്‌ അതിരമ്പുഴ പഞ്ചായത്തിനെ ചുമതലപ്പെടുത്തണമെന്ന നിർദേശം ഡിവിഷൻ തലത്തിൽ ചർച്ചചെയ്തശേഷം തീരുമാനമെടുക്കും. നിലവിലുള്ള റോഡ് പ്രദേശവാസികൾക്ക് ഉപയോഗിക്കുവാൻ അനുവാദം ഉണ്ടായിരിക്കും.

സ്റ്റേഷൻ നവീകരണവും മറ്റു നിർമാണ ജോലികളും എം.പി.ക്കൊപ്പം ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ് രാമസ്വാമി, സീനിയർ ഡിവിഷണൽ കൊമേഴ്ഷ്യൽ മാനേജർ പി.എ. ധനഞ്ജയൻ, ഡിവിഷണൽ എൻജിനീയർ സ്പെഷ്യൽ വർക്ക് എ.വി.ശ്രീകുമാർ, കോട്ടയം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ബാബു തോമസ്, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ വി.രാജീവ് എന്നിവരും സന്ദർശിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ഇടവഴിക്കൻ, െറയിൽവേ വികസന സമിതി പ്രസിഡന്റ് റോയ് മാത്യു, ജോജി കുറത്തിയാടൻ, രാജു ആലപ്പാട്, ഗൗതം എൻ.നായർ, രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ തുടങ്ങിയവരും ഉണ്ടായിരുന്നു.