കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ പ്രളയത്തിൽ തകർന്ന 26-ാം മൈൽ പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ തീരുമാനം. പുതിയ പാലം പണിയുന്നതിനുള്ള കാലതാമസം മുന്നിൽ കണ്ടാണ് നിലവിലെ പാലം അറ്റകുറ്റപ്പണി നടത്തുന്നത്.

നിലവിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. തൂണുകളുടെ കല്ലുകൾ അടർന്ന് സംരക്ഷണഭിത്തി തകർന്ന് ബലക്ഷയം ഉണ്ടാവുകയും കൈവരികൾ തകരുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് പാലം വിഭാഗം 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫണ്ട് അനുവദിക്കുന്നതിന് അനുസരിച്ച് നിർമാണം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് സമീപത്തെ തടയണകൾ തുറന്നുവിട്ട് വെള്ളത്തിന്റെ അളവും കുറയ്ക്കണം.

നിലവിലെ പാലം ഗതാഗതയോഗ്യമാക്കിയ ശേഷം പുതിയ പാലം നിർമിക്കാനാണ് തീരുമാനം. ഒരു വശത്തുകൂടി ഗതാഗതം നടത്തികൊണ്ടാകും പാലം നിർമിക്കുക. പുതിയപാലം നിർമിക്കുന്നതിനായി നേരത്തെ പൊതുമരാമത്ത് പാലം വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നു. 2.73 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കി പൊതുമരാമത്തുവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്. 24 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുകയെന്ന് ബ്രിഡ്ജസ് വിഭാഗം അധികൃതർ അറിയിച്ചു.

ക്യാമ്പുകളിൽനിന്ന്‌ മടങ്ങാനാവാതെ കൂട്ടിക്കൽ നിവാസികൾ

കൂട്ടിക്കൽ : പഞ്ചായത്തിലെ നാല് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരിൽ പലർക്കും വീട്ടിലേക്ക് മടങ്ങാനാവാത്ത സാഹചര്യം.

സെൻറ് ജോർജ് സ്കൂൾ, ഏന്തയാർ ജെ.ജെ. മർഫി, കൊടുങ്ങ ആർ.ശങ്കർ മെമ്മോറിയൽ യു.പി. സ്കൂൾ, കാവാലി എന്നിവിടങ്ങളിലാണ് ക്യാമ്പുകളിലായി 461 കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. നിലവിൽ 285 കുടുംബങ്ങളാണ് തിരികെ മടങ്ങുവാനാകാതെ ക്യാമ്പുകളിൽ കഴിയുന്നത് ഉരുൾപൊട്ടൽ ഭീതി ഏറെയുള്ള പ്രദേശമായതിനാൽ സുരക്ഷയുടെ ഭാഗമായാണ് അധികം ആളുകൾ ഇവിടെ കഴിയുന്നത്. ഭാഗികമായി വീട് നഷ്ടപ്പെട്ടവരും കൃഷിഭൂമി ഒലിച്ചുപോയവരുമാണ് ഇവരിലേറെയും. സെൻറ്‌ ജോർജ്, ജെ.ജെ. മർഫി എന്നിവിടങ്ങളിലുള്ളവരാണ് വീട് പൂർണമായി നഷ്ടപ്പെട്ടവർ. മറ്റ് ക്യാമ്പിലുള്ളവർ ജോലിസ്ഥലത്തേക്കും സ്വന്തം വീടുകളിലേക്കും പകൽ സമയത്ത് പോയശേഷം രാത്രിയോടെ ക്യാമ്പുകളിലെത്തുകയാണ് പതിവ്. പ്രായമായവരും ശാരീരിക അസ്വസ്ഥതകളുള്ളവരാണ് ഇവിടെ ക്യാമ്പിൽ കഴിയുന്നത്.

പുനർനിർമിച്ചാലും ഭീതിയോടെ കഴിയണം

മണിമല : പ്രളയത്താൽ പൂർണമായി വാസയോഗ്യമല്ലാതായ വീടുകളിൽ ഒന്നാണ് മൂങ്ങാനി പൈൻകടവിൽ തേക്കാട്ടുമട്ടലിൽ ടി.എം. അജിയുടെ വീട്. ആറ്റുതീരത്തോട് ചേർന്നുള്ള വീടിന്റെ ഭിത്തിയും തറയുമെല്ലാം പ്രളയത്തിൽ തകർന്നു. വീടിന്റെ പിന്നിൽ ആറ്റുതിട്ട തകർന്നതോടെ വീടിന്റെ തറയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കിയാലും തിട്ട വീണ്ടും ഇടിയുമോ എന്ന ഭീതിയിലാണ് അജിയും കുടുംബവും.

സഞ്ചരിക്കുന്ന മാവേലിസ്റ്റോറിന്റെ പ്രവർത്തനം നിലച്ചു

മണിമല : മണിമലയിലെ മാവേലി സ്റ്റോറിൽ വെള്ളം കയറി സാധനങ്ങൾ പൂർണമായി നശിച്ചതിനെത്തുടർന്ന് മൂങ്ങാനിയിൽ ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനം നിലച്ചു. റാന്നിയിൽ നിന്നെത്തിച്ച മൊബൈൽ മാവേലി സ്റ്റോറിന്റെ വാഹനം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലാണെന്നാണ് അധികൃതർ പറയുന്നത്. മാവേലി സ്റ്റോറിൽ സാധനങ്ങൾ എത്തണമെങ്കിൽ നവംബർ ഒന്നുകഴിയണം.

മുങ്ങാനിയിലെ ഫെഡറൽ ബാങ്ക് ശാഖയും പലചരക്ക് വ്യാപാര സ്ഥാപനങ്ങളായ മനപ്പാട്ട് സ്റ്റോഴ്സ്, താന്നിക്കൽ സ്റ്റോഴ്സ് എന്നിവയും പ്രവർത്തനമാരംഭിച്ചു. ബസ്‌സ്റ്റാന്റ് ഷോപ്പിങ്‌ കോംപ്ലക്സിലെ ഫ്രൂട്ട് സ്റ്റാൾ, മണിമല കറുകച്ചാൽ റോഡിലെ മെഡിക്കൽ സ്റ്റോർ, ഒരു ബേക്കറി എന്നിവയും പ്രവർത്തനമാരംഭിച്ചു. കടകൾ പൂർവസ്ഥിതിയിലാക്കാൻ നിർമാണജോലികൾ ത്വരിതഗതിയിൽ നടക്കുകയാണ്. പെട്രോൾപമ്പ് കഴിഞ്ഞദിവസം തുറന്നിരുന്നു.

കേരള കോൺഗ്രസ് 10 വീട് നിർമിച്ചുനൽകും

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് കേരള കോൺഗ്രസ്(എം) വീട് നിർമിച്ചുനൽകും. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കൂട്ടിക്കൽ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മുണ്ടക്കയം, പാറത്തോട് എന്നീ പഞ്ചായത്തുകളിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കാണ് വീട് നിർമിച്ച് നൽകുവാൻ നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, ജാൻസ് വയലികുന്നേൽ, സോജൻ ആലക്കുളം, കെ.പി.സുജീലൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് പദ്ധതിയുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : പ്രളയദുരിത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് പദ്ധതിയുമായി കാഞ്ഞിരപ്പള്ളി രൂപത.

രൂപതയുടെയും ഇടവകകളുടെയും സ്ഥലങ്ങളിലും സുമനസുകളുടെ സ്ഥലങ്ങൾ സംഭാവനയായി സ്വീകരിച്ചുമാണ് പദ്ധതി ഒരുക്കുന്നത്.

രൂപതയുടെ അടക്കമുള്ള സ്ഥലങ്ങൾ കണ്ടെത്തി വീട് നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അറിയിച്ചു. ഇതിനായി സർവേ നടന്നുവരികയാണ്. സർക്കാർ സംവിധാനങ്ങളോടു ചേർന്നാകും പദ്ധതിയുടെ പ്രവർത്തനം. സ്ഥലം, സാമഗ്രികൾ, സാമ്പത്തികം ഉൾപ്പെടെയുള്ള സഹായം നൽകി പദ്ധതിയിൽ സഹകരിക്കണമെന്ന് വിശ്വാസ സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.എം.വൈ.എം., എ.കെ.സി.സി, പിതൃവേദി, മാതൃവേദി, ജീസസ് യൂത്ത്, വിൻസെന്റ് ഡി പോൾ, മിഷൻലീഗ് തുടങ്ങിയ സംഘടനകളിലൂടെ വിവിധ സഹായങ്ങളും ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മാർ ജോസ് പുളിക്കലിന്റെ നേതൃത്വത്തിലുള്ള വൈദീക അത്മായ സംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചുവരികയാണ്.

പത്രസമ്മേളനത്തിൽ വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ, എം.ഡി.എസ്. ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ, ഫിനാൻസ് കൗൺസിൽ സെക്രട്ടറി അഡ്വ. സോണി തോമസ് പുരയിടത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.