കുമരകം : ‘ടീച്ചറേ, നമ്മുടെ ബോട്ട് വരുമോ? എനിക്കും സ്‌കൂളിൽ വരണം’ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം തേടുകയാണ് കാഞ്ഞിരം സ്‌കൂളിലെ അധ്യാപകർ. ആർ ബ്ലോക്ക്, മാർത്താണ്ഡം, വെട്ടിക്കാട് പ്രദേശത്തെ അറുപതോളം വിദ്യാർഥികളാണ് എന്നും ഈ ചോദ്യവുമായി അധ്യാപകരെ വിളിക്കുന്നത്.

ആലപ്പുഴയിൽനിന്ന് കോട്ടയംവരെ പോകുന്ന, ജലഗതാഗതവകുപ്പ് ബോട്ടിനെ ആശ്രയിച്ചാണ് പ്രദേശത്തെ വിദ്യാർഥികൾ സ്‌കൂളിൽ പോകുന്നത്. കാഞ്ഞിരം മുതൽ കോട്ടയം വരെയുള്ള ജലപാതയിൽ അഞ്ച് പാലങ്ങൾ ഉയർത്തിയാണ് ഗതാഗതം നടക്കുന്നത്. ഇതിൽ ഇരുമ്പിൽ നിർമിച്ച ചുങ്കത്ത് മുപ്പതിൽ പാലത്തിന് തകരാറുകളില്ല. എന്നാൽ ചേരിക്കത്തറ, 16-ൽ ചിറ, പാറേച്ചാൽ, കാഞ്ഞിരം പാലങ്ങൾ ഉയർത്താനാവാത്തതാണ്‌ പ്രശ്‌നം. അതുകൊണ്ട്‌ കാഞ്ഞിരം റൂട്ട്‌ ഒഴിവാക്കി പള്ളം വഴിയാണ്‌ ബോട്ടുകൾ കോട്ടയത്തെത്തുന്നത്‌. ഈ നാലുപാലങ്ങളുടെ തൂണുകൾ തെങ്ങിൻ തടിയിൽ നിർമിച്ചിരിക്കുന്നതിനാൽ വർഷാവർഷം അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നു.

സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനം വന്നതുമുതൽ ബോട്ട് സർവീസ് കാഞ്ഞിരത്ത്‌ എത്തിക്കാൻ സ്‌കൂൾ അധികൃതരും പി.ടി.എ.യും ശ്രമം ആരംഭിച്ചിരുന്നു. ജലഗതാഗതവകുപ്പ് ആലപ്പുഴ ഓഫീസ്, കളക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടിെല്ലന്ന് പി.ടി.എ. ഭാരവാഹികൾ പറയുന്നു.

ആലപ്പുഴയിൽനിന്ന് കോട്ടയത്ത് എത്താനുള്ള എളുപ്പമാർഗംകൂടിയാണ് കാഞ്ഞിരം വഴിയുള്ള യാത്ര. കോട്ടയം മുനിസിപ്പാലിറ്റി 45-ാം വാർഡിലാണ്‌ ഇൗ അഞ്ച്‌ പാലങ്ങളുമുള്ളത്‌.

അതേസമയം, വിദ്യാർഥികളുടെ യാത്രയ്ക്ക് പ്രാധാന്യം നൽകുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി പി.നായർ പറഞ്ഞു.മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കത്തവിധം ഷെഡ്യൂൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്.

സ്കൂൾ അധികാരികളും പി.ടി.എ. ഭാരവാഹികളും ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. എന്തായാലും സ്കൂൾ തുറക്കുന്നതിനുമുമ്പ് ജലഗതാഗതവകുപ്പ് അനുകൂലതീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

മന്ത്രിക്ക്‌ പരാതി നൽകും

കുട്ടികളുടെ പഠനത്തിനായി യാത്രാ സൗകര്യം ഒരുക്കേണ്ടത് അത്യാശ്യമാണ്. കളക്ടർക്കും ജലഗതാഗതവകുപ്പിനും പരാതി നൽകി. ശനിയാഴ്ച മന്ത്രി വി.എൻ. വാസവന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

പി.ഗീത

പ്രഥമാധ്യാപിക, കാഞ്ഞിരം എസ്.എൻ.ഡി.പി. സ്‌കൂൾ