എരുമേലി : ശബരിമല ദർശനത്തിനായി എരുമേലിയിൽ പോലീസിന്റെ സ്‌പോട്ട് ബുക്കിങ്ങ് കൗണ്ടറിൽ കൂടുതൽ ഭക്തരെത്തിത്തുടങ്ങി. കഴിഞ്ഞ 18-നാണ് പോലീസ് കൺട്രോൾ റൂമിന് സമീപം സ്‌പോട്ട് ബുക്കിങ് കൗണ്ടർ തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുപ്രകാരം 168 ഭക്തർ സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി.

ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ ബുക്കിങ് നടന്നത്. ദർശനത്തിനായി 35 പേർ ശനിയാഴ്ച ബുക്കിങ് നടത്തി. ആദ്യ ദിവസങ്ങളിൽ പത്തിൽ താഴെയായിരുന്നു ബുക്കിങ് നടത്തിയവരുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസമായി രണ്ടിരട്ടിയിലേറെ വർധനയാണുള്ളത്.

എരുമേലി ധർമശാസ്താ ക്ഷേത്ര ഗോപുരത്തിന്റെ എതിർവശം ദേവസ്വം ബിൽഡിങ്ങിൽ പോലീസ് കൺട്രോൾ റൂമിന് താഴത്തെനിലയിലാണ് സ്‌പോട്ട് ബുക്കിങ് കൗണ്ടർ ക്രമീകരിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തനമുണ്ട്.

അപകട മരം മുറിച്ചുമാറ്റി...

ശബരിമലപാതയിൽ മണിപ്പുഴ ജങ്ഷനിൽ അപകട ഭീഷണിയായി ഉണങ്ങി നിന്ന മരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.

ഉണങ്ങിയ മരമായതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചുവടെ പിഴുതതിനു ശേഷം മുറിച്ചുനീക്കുകയായിരുന്നു. തീർഥാടന പാതയ്ക്കരുകിൽ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്താണ് നാളുകളായി അപകട ഭീഷണി ഉയർത്തി ആഞ്ഞിലിമരം ഉണങ്ങിനിന്നത്.

എരുമേലി സേഫ് സോൺ നോഡൽ ഓഫീസർ ഷാനവാസ് കരീം, എം.വി.ഐ. കിഷോർകുമാർ, എ.എം.വി.ഐ. അജിത്, ഡ്രൈവർമാരായ റെജി എം.സലാം, ഷാജഹാൻ, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ വിനോദ്, വൈദ്യുതി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

പുണ്യം പൂങ്കാവനം...

പൂങ്കാവനത്തിന്റെ പാവനത്വം കാത്തുസൂക്ഷിച്ച് ഭക്തിക്ക് വൃത്തിയുടെ മുഖമേകുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ താരത്തിളക്കവും. സിനിമാനടൻ രാഹുൽ മാധവ് ആണ് ശുചീകരണവും ബോധവത്കരണവുമായി പദ്ധതിയുടെ ഭാഗമായത്. നൈനാർ മസ്ജിദ്, ധർമശാസ്താ ക്ഷേത്ര പരിസരങ്ങളിൽ ശുചീകരണത്തിനൊപ്പം ഭക്തർക്ക് പദ്ധതിയുടെ സന്ദേശവും നൽകി.