പാലാ : നട്ടെല്ലിന്റെ വളവ് നേരേയാക്കുന്ന സ്‌കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി. പൊക്കക്കുറവ്, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ കോട്ടയം സ്വദേശിനിയായ പതിനേഴുകാരിയെ പരിശോധനകൾക്ക് വിധേയയാക്കിയപ്പോൾ അരക്കെട്ടിൽനിന്ന്‌ മുകളിലേക്ക് നട്ടെല്ലിന്റെ വലതുഭാഗത്തേക്ക് 65 ഡിഗ്രിയും ഇടതുഭാഗത്തേക്ക് 30 ഡിഗ്രിയും വളഞ്ഞ ആകൃതിയിലാണെന്ന് കണ്ടെത്തി. നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വാഭാവിക വളവിനെയാണ് സ്‌കോളിയോസിസ് എന്നുപറയുന്നത്.

നട്ടെല്ലിന് 40 ഡിഗ്രിയിലധികം വളവുള്ള സാഹചര്യത്തിലാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ബോൺ ഗ്രാഫ്റ്റ്‌ ഉപയോഗിക്കുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ഓർത്തോപീഡിക് വിഭാഗത്തിലെ സീനിയർ കൺസൾട്ടൻറ് ഡോ. ഒ.റ്റി.ജോർജ് നേതൃത്വം നൽകി. ഡോ. സാം സ്‌കറിയ, ഡോ. സുജിത് തമ്പി, ഡോ. പോൾ ബാബു എന്നിവരോടൊപ്പം അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. സേവ്യർ ജോൺ, ഡോ. ശിവാനി ബക്ഷി എന്നിവരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ശസ്ത്രക്രിയയ്ക്കുശേഷം സാധാരണനിലയിൽ നിവർന്നു നിൽക്കാൻ സാധിച്ച കുട്ടിക്ക് നട്ടെല്ല് നിവർന്നതോടുകൂടി ഉയരംകൂടി.

വിവിധ ചികിത്സാ വിഭാഗങ്ങളുടെ കൂട്ടായ ശ്രമഫലമാണ് ശസ്ത്രക്രിയ വിജയകരമാക്കാൻ സാധിച്ചതെന്ന്‌ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.