ചങ്ങനാശ്ശേരി : കിഴക്ക് ഉരുളൊന്നുപൊട്ടിയെന്ന് കേട്ടാൽ, മഴയൊന്ന് കനത്താൽ, അണക്കെട്ടുകൾ അല്പം തുറന്നാൽ കുട്ടനാട് നിവാസികൾക്ക് ഉറക്കമില്ല. കിഴക്കൻ വെള്ളം കുതിച്ചെത്തി കുട്ടനാട് മുങ്ങുന്നതിന് മുമ്പ് സുരക്ഷിത സ്ഥാനങ്ങളിലെത്തുന്നതിനുള്ള പലായനമാണ് പിന്നെ. അതൊഴിവാക്കുന്നതിന് കനാലുകളിലൂടെയും നദികളിലൂടെയും അധികജലം കടലിലേക്ക് ഒഴുകിയെത്തണം. ഇങ്ങനെ വെള്ളം ഒഴുകിപ്പോകേണ്ട ഒരു പ്രധാന ജലമാർഗമാണ് എ.സി.കനാൽ. ഇത് ചെളിയും പായലുംമൂടി ഒഴുക്കുനിലച്ചിട്ട് കാലങ്ങളായി.

കൈയേറ്റങ്ങൾ കനാലിനെ പലയിടത്തും വിഴുങ്ങി. ഒന്നാം കുട്ടനാട് പാക്കേജിൽ എ.സി.കനാലിന്റെ വീണ്ടെടുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മഴയും വെയിലും പ്രളയവും മാറിമാറി വന്നിട്ടും കനാലിനെ വീണ്ടെടുക്കാൻ അധികൃതർക്കായില്ല. കുട്ടനാടിന്റെ രക്ഷയ്ക്ക് എ.സി.കനാൽ നവീകരണം മാത്രമാണ് പരിഹാരമെന്ന് പഠനം നടത്തിയവരാരും പറഞ്ഞില്ല. പ്രധാന പരിഹാരമാർഗങ്ങളിൽ ഒന്നാണെന്നതിൽ തർക്കവുമില്ല. ഡോ. എം.എസ്.സ്വാമിനാഥൻ കുട്ടനാട് പാക്കേജിൽ കനാൽ നവീകരണത്തിന് വലിയ പ്രാധാന്യം നൽകി. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽനിന്നുള്ള വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള പ്രധാനപ്പെട്ട മാർഗ്ഗം എന്ന നിലയ്ക്കാണിതിന് പ്രാധാന്യം നൽകിയത്. നദികളിലെ വെള്ളം എ.സി. കനാലിലൂടെ പള്ളാത്തുരുത്തിയാറ്റിലേക്കു ഒഴുക്കിവിടുന്നതായിരുന്നു പദ്ധതി.

മഴക്കാലത്ത് സെക്കൻഡിൽ 4000 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിക്കൊണ്ടുപോകുമായിരുന്നവെന്ന് പഠനങ്ങളിൽ വ്യക്തമായ തോട് ഒഴുക്കുനിലച്ച് കിടക്കുന്നത് വലിയ പ്രശ്നം തന്നെയാണ്. ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയക്കാരുടെയും തമ്മിലടിയാണ് എ.സി.കനാലിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ അടക്കംപറയുന്നുമുണ്ട്.