പാലാ : ഇടുക്കി ജില്ല അതിരിടുന്ന കടനാട് പഞ്ചായത്തിനെ വർണാഭമാക്കുന്നത് മലനിരകളാണ്. 19,000 ആളുകളുള്ള കടനാട് പഞ്ചായത്തിന് 14 വാർഡാണുള്ളത്. കഴിഞ്ഞതവണ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യം എണ്ണം വാർഡുകളിൽ വിജയം നൽകിയ ചുരുക്കംചില പഞ്ചായത്തുകളിലൊന്നാണ് കടനാട്.
ഇത്തവണത്തെ രാഷ്ട്രീയമാറ്റങ്ങൾ കടനാട് പഞ്ചായത്തിന്റെ ഭരണഗതികളെ എങ്ങനെ സ്വാധീനിക്കുമെന്നത് കാത്തിരുന്നുകാണുകയാണ് ജനങ്ങൾ. മലയോരത്തെ കുടിവെള്ളക്ഷാമവും വഴികളുടെ നിർമാണവും ഒക്കെ ഇവിടത്തെ പ്രധാന വിഷയങ്ങളാണ്.
സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയും ധർമശാസ്താ ക്ഷേത്രവും കടനാടിന്റെ ആത്മീയകേന്ദ്രങ്ങളാണ്. ഇന്ത്യയിലെ ആദ്യ യാത്രാവിവരണമായ വർത്തമാനപ്പുസ്തകത്തിന്റെ രചയിതാവ് ഗോവർണദോർ പാറേമാക്കൽ തോമ്മാ കത്തനാരുടെ ജന്മദേശവും കടനാടാണ്. വടക്കേക്കോയിക്കൽ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കടനാട്.
കുടിവെള്ളക്ഷാമം വേട്ടയാടുന്നു
മാനത്തൂർ : കുടിവെള്ളക്ഷാമമാണ് കടനാടിനെ എന്നും വേട്ടയാടുന്നത്. വേനൽക്കാലമായാൽ എല്ലാത്തവണയും കുടിവെള്ളക്ഷാമമുണ്ടാകാറുണ്ട്. എന്നാൽ, ഫലപ്രദമായ നടപടികൾ ഇതുവരെയുണ്ടായിട്ടില്ല. ചിലയിടങ്ങളിൽ പദ്ധതികൾ ആരംഭിച്ചിരുെന്നങ്കിലും പ്രശ്നം പരിഹരിക്കാനാവുന്നില്ല. മലയോരങ്ങളിലെ റോഡുകൾ വീതികൂട്ടി ഗതാഗതയോഗ്യമാക്കണം. കാർഷികമേഖലയിലും ഊർജിതമായ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുണ്ടാകണം. തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് കാർഷികമേഖലയിൽ പദ്ധതികൾ നടപ്പാക്കണം.