ഉഴവൂർ : വിവിധ ആവശ്യങ്ങൾക്കായി ജലസേചനവകുപ്പ് ഏറ്റെടുക്കുകയും ഇപ്പോൾ തരിശായി കിടക്കുകയും ചെയ്യുന്ന ഭൂമിയിൽ കൃഷിയിറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഉഴവൂർ ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള എട്ട് കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജല ജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ ഭാഗമാണ്.

കെ.എം.മാണി ഊർജിത കാർഷിക ജലസേചന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൈക്രോ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. അണക്കെട്ടുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസനത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു ഉഴവൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധുമോൾ ജേക്കബ്, പി.എൻ. രാമചന്ദ്രൻ, ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിത്സൺ, കെ.എം. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.