കോട്ടയം : ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ നിയമം വേണമെന്നും യന്ത്രവത്കരണം മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടത്തിന് ബദൽ സംവിധാനമുണ്ടാക്കാൻ രൂപവത്കരിച്ച വർക്കല കഹാർ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള പ്രദേശ് ചുമട്ടുതൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.സദാശിവൻപിള്ള. ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം(ബി.എം.എസ്.) ചുമട് ക്ഷേമ ബോർഡിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് മനോജ് വൈക്കം, അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദ്, ജില്ലാ സെക്രട്ടറി ശ്രീനിവാസ പിള്ള, കെ.എൻ.മോഹനൻ, മനോജ് മാധവൻ, കെ.ജി.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.