മണർകാട് : ചങ്ങനാശ്ശേരി-ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണങ്ങളില്ലാതെ വാഹനങ്ങൾ പായുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. മണർകാട്-പാലാ റോഡും, ഏറ്റുമാനൂർ ബൈപ്പാസ് റോഡും സന്ധിക്കുന്ന മണർകാട് പെരുമാനൂർകുളം കവലയിൽ വേഗനിയന്ത്രണ സംവിധാനങ്ങളോ സിഗ്‌നൽ ലൈറ്റുകളോ ഡിവൈഡറോ സൂചനാ ബോർഡുകളോ ഇല്ല. ഇവിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും ഏറുകയാണ്.

വ്യാഴാഴ്ച രാത്രിയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരീപ്പറമ്പ് സ്വദേശിയായ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി- ഏറ്റുമാനൂർ ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ ഇതുവഴി വാഹനങ്ങളുടെ വൻതിരക്കാണ്. സിഗ്നൽ ലൈറ്റുകൾപോലുമില്ലാതെ പാഞ്ഞെത്തുന്ന വാഹനങ്ങൾ ഏതുവഴിയെന്നറിയാതെ ഇരുചക്ര വാഹനയാത്രക്കാർ വഴിക്കുനടുവിൽ കുടുങ്ങുന്നതും വഴി മുറിച്ചുകടക്കാനാകാതെ കാൽനട യാത്രക്കാർ നട്ടം തിരിയുന്നതും നിത്യ കാഴ്ചയാണ്. ഇരുവശങ്ങളും വീതികൂട്ടിയെടുത്ത് ടാർ ചെയ്തതിനാൽ കാൽ നടയാത്രക്കാർക്ക് വഴിമുറിച്ച് കടക്കുന്നതിനും ഏറെ പ്രയാസമാണ്. സീബ്രാലൈനുകളോ, സിഗ്നൽ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല.

അപകടം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധിതവണ പരാതിനൽകിയെങ്കിലും നാളിതുവരെ അധികൃതർ തയ്യാറായിട്ടില്ല. അധികൃതരുടെ ബോധപൂർവമായ അനാസ്ഥയാണ് അപകടങ്ങൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.