വൈക്കം : വടയാർ പാലത്തിൽനിന്ന്‌ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വെള്ളിയാഴ്ച പുലർച്ചെ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്.

പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കുന്നതിനും അലക്കാനും കാർഷിക ആവശ്യങ്ങൾക്കുമെല്ലാം മൂവാറ്റുപുഴ ആറിന്റെ കൈവഴിയായ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ മാലിന്യം കലർന്ന തോട്ടിലെ വെള്ളം വേലിയേറ്റ സമയത്ത് ഉറവയായി സമീപത്തെ കിണറുകളിലെത്തി വെള്ളം മലിനമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.