വൈക്കം : വോട്ടുപെട്ടി തുറന്നാൽ മാത്രമേ ജില്ലാ പഞ്ചായത്തിലെ വെള്ളൂർ ഡിവിഷന്റെ മനസ്സറിയാൻ പറ്റൂ. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിണക്കാത്ത ഡിവിഷൻ. കടുത്ത പോരാട്ടത്തിലൂടെ തിരികെ പിടിച്ച ഡിവിഷൻ നിലനിർത്താനാണ് എൽ.ഡി.എഫ്. ശ്രമമെങ്കിൽ കൈവിട്ട മണ്ഡലം വീണ്ടെടുക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. ഇരുമുന്നണികൾക്ക് ഭീഷണിയായി ബി.ജെ.പി. ഇത്തവണ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാണ് ഡിവിഷൻ പിടിക്കാൻ ഒരുങ്ങുന്നത്. യു.ഡി.എഫിനും രണ്ടു മുന്നണികൾക്കും ഒരുപോലെ സ്വാധീനമുള്ള ഡിവിഷനിൽ ചില മേഖലകളിൽ കേരള കോൺഗ്രസിന് മേൽക്കൈയുണ്ട്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് കോൺഗ്രസ് ഇത്തവണ സീറ്റ് നൽകിയിരിക്കുന്നത്.
പോൾസൺ ജോസഫ് (യു.ഡി.എഫ്.) (കേരള കോൺഗ്രസ് എം. ജോസഫ്)
ടി.വി.പുരം പഞ്ചായത്ത് അംഗം, ടി.വി.പുരം ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പോൾസൺ ജോസഫ് വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും കേരള കോൺഗ്രസ് എം. ജോസഫ് ഹൈപ്പവർ കമ്മിറ്റി അംഗവുമാണ്. പി.ജെ.ജോസഫ് എം.എൽ.എ.യുടെ സഹോദരി മേഴ്‌സിയുടെ മകനായ പോൾസൺ മികച്ച കർഷകൻ കൂടിയാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ നിന്ന് മത്സരിച്ചിരുന്നു.