മുണ്ടക്കയം : മുക്കുളം-വെമ്പാല-മദാമ്മക്കുളം റോഡ് കനത്ത മഴയിൽ തകർന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡാണിത്. ഇളങ്കാട്- മുക്കുളം- വെമ്പാല- മദാമ്മക്കുളം വഴി ഏലപ്പാറയിലും കുട്ടിക്കാനത്തും എത്തിച്ചേരാനുള്ള പാതയാണിത്. നിർമാണം പൂർത്തീകരിച്ചാൽ കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയ്ക്ക് സമാന്തരപാതയായും ഉപയോഗിക്കാം.

2020-ൽ പീരുമേട് എം.എൽ.എ. ഉദ്ഘാടനംചെയ്ത ഭാഗത്തെ റോഡിന്റെ അരക്കിലോമീറ്ററോളമാണ് കനത്ത മലവെള്ളപ്പാച്ചിലിൽ തകർന്നത്. മദാമ്മക്കുളത്തുനിന്ന്‌ കൂറ്റൻ പാറകൾ അടർന്നുവീണ് രണ്ടുവർഷം മുമ്പ് റോഡിന്റെ ഒരുഭാഗം പൂർണമായും തകർന്നു.

വെമ്പാലയിൽനിന്ന്‌ മദാമ്മക്കുളത്തേക്ക് റോഡ് നീട്ടാനുള്ള യാതൊരു നിർമാണ പ്രവർത്തനങ്ങളും ഇതേവരെ നടത്തിയിട്ടില്ല. അശാസ്ത്രീയമായ നിർമാണംമൂലം റോഡിലൂടെ മഴവെള്ളമൊഴുകി റോഡ് നശിക്കുകയാണ്. വിജിലൻസ് അന്വേഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.