കടുത്തുരുത്തി : മരണവീട്ടിൽനിന്ന്‌ ജനറേറ്റർ കടത്തിക്കൊണ്ടുപോയ പ്രതികളെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടി. മേമ്മുറിയിലെ മരണവീട്ടിൽനിന്ന്‌ ഞായറാഴ്ച പുലർച്ചെ മോഷണം നടത്തിയ പ്രതികളെയാണ് മോഷണവസ്തു കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടിയത്.

മോനിപ്പള്ളി തച്ചാറക്കുഴിയിൽ ജെയിംസ് ബേബി (26), മാഞ്ഞൂർ മേമ്മുറി കളപ്പുരതട്ടേൽ ചാക്കോ ജോസ് (20), പാമ്പാടി കൂരോപ്പട കുന്നുംപുറത്ത് നോബി കെ. പൈലോ (38) എന്നിവരാണ് പിടിയിലായത്. മേമ്മുറി അപ്പോഴിപറമ്പിൽ എ.പി.ജോസഫിന്റെ(അപ്പച്ചൻ-75) വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം മരിച്ച ജോസഫിന്റെ ശവസംസ്‌കാരം ഞായറാഴ്ചയായിരുന്നു.

വീട്ടുകാർ പുലർച്ചെ ബന്ധുക്കളെ കൊണ്ടുവരുന്നതിനായി എയർപോർട്ടിൽ പോയ സയമത്താണ് വീട്ടുമുറ്റത്തുനിന്ന്‌ ജനറേറ്റർ കടത്തിക്കൊണ്ടുപോയത്. മോനിപ്പള്ളിയിൽനിന്ന്‌ ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുവന്ന പ്രതികൾ ജനറേറ്റർ ഓട്ടോറിക്ഷയിൽ എടുത്തുവെച്ച്‌ സ്ഥലംവിടുകയായിരുന്നു.

പ്രതികളെ കോട്ടയത്തുകൊണ്ടാക്കിയശേഷം മടങ്ങുംവഴിയാണ് ഓട്ടോറിക്ഷാ ഡ്രൈവർ മരണവീട്ടിലെത്തി ബന്ധുക്കളോട് ജനറേറ്റർ മോഷ്ടിച്ച വിവരം പറയുന്നത്.

പ്രതികളുമായി കോട്ടയത്തേക്ക്‌ പോകുമ്പോഴാണ് ഇവരുടെ സംസാരത്തിൽനിന്ന്‌ ഓട്ടോറിക്ഷാ ഡ്രൈവർക്ക്‌ ജനറേറ്റർ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന വിവരം മനസ്സിലാകുന്നത്. തുടർന്ന് കടുത്തുരുത്തി എസ്‌.ഐ. വിബിൻചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് പ്രതികളെ ജനറേറ്റർ സഹിതം കസ്റ്റഡിയിലെടുത്തു.