ഏറ്റുമാനൂർ : ജില്ലയിൽ ഏറ്റവും വലിയ നെൽപ്പാടങ്ങൾ സ്ഥിതിചെയ്യുന്ന ഇറമ്പം പ്രദേശത്തിന്റെ വികസനത്തിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ തന്നാലാവുന്നത്‌ ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മലരിക്കൽ-ഇറമ്പം റോഡ് നിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി സീഡ് റിപ്പോർട്ടർ കിളിരൂർ ഗവ. യു.പി.സ്കൂൾ ഏഴാംസ്റ്റാൻഡേർഡ് വിദ്യാർഥി ആകാശ് സുഭാഷ് നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇറമ്പം പ്രദേശത്തുനിന്നുള്ള കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ നാലുകിലോമീറ്റർ വള്ളത്തിൽ സഞ്ചരിക്കണം. പാടശേഖരങ്ങളായ ജെ ബ്ലോക്ക് ഒൻപതിനായിരവും തിരുവായ്ക്കരിയും നെൽക്കൃഷിയാൽ സമൃദ്ധമാണ്. വിളവെടുപ്പിനുശേഷം ജൂലായ് മുതൽ ആമ്പൽപ്പൂക്കൾ വിരിയും. റോഡ് വന്നാൽ ഈ നാടിന്‌ വികസനമുന്നേറ്റമുണ്ടാകും.

‘ആമ്പൽ വസന്തം’കൊണ്ട് ജനങ്ങൾക്ക് വരുമാനമാർഗവുമാകും-നിവേദനത്തിൽ ആകാശ് ചൂണ്ടിക്കാട്ടി.

പ്രശ്നങ്ങൾ നേരിട്ടുപഠിക്കാൻ സാധിച്ചിട്ടുണ്ട്. ബോട്ടിൽ സഞ്ചരിച്ച് കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കാനായി. തിരുവാർപ്പ് പഞ്ചായത്തിന് സർക്കാരിന്റെ എല്ലാ സഹായവും ഇക്കാര്യത്തിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ആകാശിന്റെ അച്ഛൻ ‌സുഭാഷ് മോഹൻ, നാട്ടുകാരായ ശശിധരൻ പി.എ., റെജി, വൈശാഖ് ഇ.എസ്. തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു.