കോട്ടയം: കീർത്തിനായർ പഠിച്ചത് നഴ്സിങ്. പക്ഷേ ഇഷ്ടം പാചകത്തോട്. അതോടെ ലോക്ഡൗൺ കാലത്ത് മെല്ലെ ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് നേരേ നാട്ടിലേക്ക് വണ്ടികയറി. കോട്ടയം എരുമേലി കീർത്തിനിവാസിൽ മടങ്ങിയെത്തുമ്പോൾ നാട്ടിലെ കാഴ്ചകളും ഇഷ്ടങ്ങളുമൊക്കെ കണ്ടുനടന്നപ്പോൾ കോട്ടയത്തിന് ഏറെ പ്രിയപ്പെട്ട കേക്കുകളിലായി ആദ്യപരീക്ഷണം . വീട്ടിലിരുന്ന് തയ്യാറാക്കിയ ആ കൗതുകങ്ങൾ നാട്ടിലെങ്ങും പാട്ടായി. അതോടെ എരുമേലിയെന്ന കൊച്ചുഗ്രാമത്തിലേക്ക് കേക്കുകൾക്ക് ഓർഡർ വന്നത് കൊച്ചി, തിരുവനന്തപുരം അടക്കമുള്ള വൻ നഗരങ്ങളിൽനിന്ന്. ഭർത്താവിനായി ഏറെ ഇഷ്ടത്തോടെ തയ്യാറാക്കിയ ‘പൊറോട്ടയും ബീഫും’ അടങ്ങിയ തീം കേക്ക് കണ്ട് ഓർഡർ കിട്ടിയ പലതും വ്യത്യസ്തമുള്ളതായി.

വിവാഹദിനത്തിനായി ‘സ്വർണ നെക്ലേസ്’, റിട്ട.എസ്.ഐ.യായ അമ്മയ്ക്കായി മകൾ ഓർഡർ കൊടുത്തത് ‘പോലീസ് യൂണിഫോം’, വിഷുവിനായി ‘വിഷുക്കണി’....അങ്ങനെ തീം കേക്കിൽ കോട്ടയംകാരി മിന്നിച്ചപ്പോൾ തൃശ്ശൂരിലെ ഒരു നായസ്നേഹിയും കേക്കിന്റെ കീർത്തിയറിഞ്ഞെത്തി.

എൽദോ കുര്യൻ ഇറക്കുമതി ചെയ്ത ലാബ്രഡോർ ഇനത്തിൽപ്പെട്ട ‘കാസ്റ്ററി’ന് ഏഴാം പിറന്നാൾ ആഘോഷിക്കാൻ കേക്ക് വേണം എന്ന് പറഞ്ഞപ്പോൾ സാധാരണ കേക്കെന്നെ ആദ്യം കരുതിയുള്ളൂ. എന്നാൽ തൃശ്ശൂരിലെ നക്ഷത്ര ഹോട്ടലിൽ കാസ്റ്ററിന്റെ പിറന്നാളിനായി ക്ഷണിക്കപ്പെട്ടവർക്ക് മുന്നിൽ മുറിക്കാനുള്ള കേക്കിന്റെ ഓർഡർ കീർത്തിയെയും ഞെട്ടിച്ചു. വേണ്ടത് കാസ്റ്ററിന്റെ രൂപസാദൃശ്യമുള്ള കേക്ക്.

മാധ്യമങ്ങൾക്ക് മുന്നിൽ ഒരു നായയുടെ പിറന്നാൾ ദിനത്തിൽ ആദ്യമായി മുറിക്കപ്പെട്ട ആ കേക്കും വാർത്തയായി. പിന്നീടും കീർത്തിയെ തേടി ഒന്നൊന്നായി വൈവിധ്യമുള്ള കേക്ക് തയ്യാറാക്കാനുള്ള ആവശ്യമാണ് എത്തിയത്. ഇരട്ടക്കുട്ടികൾക്കുള്ള കേക്കിനു വേണ്ടിയാണു ഒരു അച്ഛൻ വിളിച്ചത്. ക്യാമറാമാന് ക്യാമറ. മാസങ്ങൾക്ക് മുന്പ് മന്ത്രി പി.രാജീവിന്റെ അണികൾ ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ രൂപത്തിലുള്ള കേക്ക്. കോവിഡ് കാലത്ത് മാസ്കും വാക്സിനുമൊക്കെ കേക്ക് രൂപമായി. ഇതിനിടയിൽ ചങ്കൂറ്റത്തോടെ ചിലരുടെ ആവശ്യപ്രകാരം ‘നോട്ടികേക്കു’കളും തയ്യാറാക്കി. വിദേശങ്ങളിൽ ജനപ്രിയമായ അല്പം ലൈംഗികച്ചുവയുള്ള കേക്കുകൾ വിമർശനങ്ങളേക്കാൾ അഭിനന്ദനം ഏറ്റുവാങ്ങിയപ്പോൾ കീർത്തി വ്യത്യസ്തയായി.

ഇതിനോടകം എറണാകുളം ഇടപ്പള്ളി പള്ളിയോട് ചേർന്ന് കേക്ക് ഷോപ്പ് തുറന്നു കീർത്തിയുടെ പങ്കാളി അഭിലാഷ്. ഇരട്ടക്കുട്ടികളായ മക്കൾ: പ്രണവ്, പ്രാർഥന. അച്ഛൻ എസ്.ഭാസ്കരൻ നായർ. അമ്മ സുഷമാ ദേവി.

ഇപ്പോൾ കേക്കും കടന്ന് ബണ്ണിൽ പരീക്ഷണം നടത്തുന്നു കീർത്തി. കുട്ടിക്കാലത്ത് കഴിച്ച ആനിമൽ ബിസ്കറ്റിനെ ഓർമിപ്പിക്കുംവിധം പന്നി, കിളി എന്നിവയുടെ രൂപത്തിലുള്ള ബൺ. കേക്കുകളിൽ രൂപമുണ്ടാക്കും പോലെ അത്ര അനായാസമായി ബൺ ഉണ്ടാക്കാനാകില്ല. എങ്കിലും വിപണിയിൽ ഒരു മാറ്റം ആരാണ് കൊതിക്കാത്തത്. ഓണത്തിന് വ്യത്യസ്തമായി ഓണം തീം കേക്ക് തയ്യാറാക്കാനാണ് പദ്ധതി. അവിടെ ഒരു പക്ഷേ തെറ്റിയും തുളസിയും വള്ളവുമൊക്കെ വിഷയമായേക്കാം.