ഉരുളികുന്നം : ഈ സൈക്കിളിന്റെയും അതിന്റെ ഉടമയുടെയും ചരിത്രമറിയുമെങ്കിൽ, പ്രിയപ്പെട്ട കള്ളാ നിങ്ങൾ ഇതു ചെയ്യുമായിരുന്നോ? ഉരുളികുന്നം കണിച്ചേരിൽ സുനീഷ് ജോസഫ് തന്റെ മോൻ ജെസ്റ്റിന്റെ ഒൻപതാം പിറന്നാളിന് മൂന്നു മാസം മുൻപ് സമ്മാനമായി നൽകിയ സൈക്കിളാണ് കൊതിതീരുംമുൻപേ ആരോ തട്ടിയെടുത്തത്. ഈ സൈക്കിളിന്റെ വില ആറായിരം രൂപ. പക്ഷേ, സുനീഷ് ഇത് സ്വരുക്കൂട്ടിയ അധ്വാനവും ഈ ജീവിതവും തിരിച്ചറിഞ്ഞിരുന്നെങ്കിൽ...

ഇതാണ് സുനീഷിന്റെ ജീവിതം

fb postപൈക-ചെങ്ങളം റോഡിൽ ഇല്ലിക്കോൺ ജങ്ഷനിലെ കൊച്ചുവീട്. കണിച്ചേരിൽ എന്ന ഈ വീട് 35-കാരൻ സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കൾ നാലാം ക്ലാസ് വിദ്യാർഥി ജെസ്റ്റിൻ, ഒന്നാം ക്ലാസ് വിദ്യാർഥിനി ജെസ്റ്റിയ എന്നിവരുടെ സന്തോഷവീട്; നമ്മൾ ഇതിനുള്ളിലെ സങ്കടങ്ങൾ തിരിച്ചറിയുന്നതുവരെ.

ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകൾ കുറുകി അരക്കെട്ടോട് ചേർന്ന് പിന്നിൽ പിണച്ചുവെച്ചനിലയിൽ. കൈകൾ ശോഷിച്ചത്. വലതുകൈക്ക്‌ തീരെ സ്വാധീനമില്ല.

ജീവിതത്തിൽ ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളിൽ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തിൽ കമിഴ്ന്ന് നീന്തി. കട്ടിലിൽ മലർന്നുകിടക്കാൻ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന്‌ മാത്രം.

എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്‌ഭുതമാണീ യുവാവ്. പി.പി.റോഡിൽ കുരുവിക്കൂട്ട് കവലയിൽ അഞ്ച്‌ വർഷമായി കോമൺ സർവീസ് സെന്റർ നടത്തി അതിൽനിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം കരുപിടിപ്പിച്ചയാൾ. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കൾ എടുത്ത് കാറിൽ കയറ്റിക്കൊണ്ടുവരും;

sunesh in job
സുനീഷ് ജോലി ചെയ്യുന്നതിങ്ങനെ

മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസിൽ കംപ്യൂട്ടറിൽ ജോലി ചെയ്യണമെങ്കിൽ കസേരയിൽ ഇരിക്കാനാകില്ല. പ്രത്യേകം നിർമിച്ച സോഫയിൽ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറിൽ ടൈപ്പിങ് നടത്തുന്നത്.

*സുനീഷ് ഈ സങ്കടങ്ങളൊന്നും പറഞ്ഞില്ലെങ്കിലും ഫെയ്‌സ്ബുക്കിൽ കുറിച്ചു. തന്റെ മോന്റെ സൈക്കിൾ ഏതെങ്കിലും ആക്രിക്കടയിൽ കണ്ടാൽ അറിയിക്കണമെന്ന അഭ്യർഥന മാത്രം.