ചങ്ങനാശേരി : പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി 27, 28 തീയതികളിൽ നടക്കും. കിഴക്കുംഭാഗത്തിന്റെ നേതൃത്വത്തിൽ 27-ന് വൈകീട്ട് ആറിന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര വിവിധ സാമുദായിക സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി തൃക്കണ്ണാപുരം ക്ഷേത്രസന്നിധിയിലൂടെ പെരുന്ന കീഴ്‌കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി എട്ട് മുതൽ കാവടിവിളക്ക്. 10-ന് അഗ്നിക്കാവടി. 28-ന് രാവിലെ എട്ട് മുതൽ കുട്ടികളുടെ കാവടി, കാവടിയാട്ടം. ഉച്ചയ്ക്ക് 2.45-ന് മാരണത്തുകാവ് അംബികാദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന രഥഘോഷയാത്ര കീഴ്‌കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്ക് മൂന്നിന് കീഴ്‌കുളങ്ങര ക്ഷേത്രത്തിൽനിന്നുള്ള കാവടിയാട്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. 26-ന് ഹിഡുംബൻ പൂജ. പെരുന്ന പടിഞ്ഞാറ്റുംഭാഗത്തിന്റെ നേതൃത്വത്തിലുള്ള കാവടിവിളക്ക് രാത്രി എട്ടിന് നടക്കും. പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് പനച്ചിക്കാവ് ദേവീക്ഷേത്രസന്നിധിയിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 10-ന് അഗ്നിക്കാവടി. 28-ന് രാവിലെ ഒൻപതിന് കുട്ടികളുടെ കാവടി, ഉച്ചയ്ക്ക് 3.30-ന് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്നുള്ള കാവടിയാട്ടം. അഞ്ചിന് കാവടി അഭിഷേകം, 6.30-ന് ദീപാരാധന, ഏഴിന് സേവ, ഒൻപതിന് കരിമരുന്ന് കലാപ്രകടനം. 26-ന് രാത്രി എട്ടിന് ഹിഡുംബൻ പൂജ വാസുദേവപുരം ക്ഷേത്രത്തിൽനിന്ന് പുറപ്പെടും.