വൈക്കം : നെല്ല് സംഭരണത്തിന്റെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്പർ കുട്ടനാടൻ മേഖലയിൽ ആയിരക്കണക്കിന് ഏക്കർ നെൽപാടങ്ങളിൽ വിരിപ്പ് കൃഷിയുടെ വിളവെടുത്ത നെല്ല് വിറ്റഴിക്കാതെ കെട്ടിക്കിടന്ന് വെയിലും മഴയുമേറ്റ് നശിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
നെല്ല് സംഭരണത്തിന് എത്തുന്ന ഏജൻസികൾ താരയുടെ കിഴിവിന്റെ പേരിൽ വിലപേശി സംഭരണം നീട്ടുകയാണ്. വിളവെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും വിൽപ്പന നടത്താൻ സാഹചര്യമില്ലാത്ത അവസ്ഥ ഓരോ കർഷകരെയും പലവിധത്തിൽ കഷ്ടപ്പെടുത്തുകയാണ്. അടിയന്തരമായി നെല്ല് സംഭരണത്തിന് നടപടിയുണ്ടാകണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.വി.പവിത്രൻ, സെക്രട്ടറി കെ.കെ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.
വൈക്കം : തലയാഴം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വിരിപ്പ് കൃഷിയുടെ വിളവെടുത്ത 22,000 ക്വിന്റൽ നെല്ല് ഏജൻസികളുടെ വിലപേശൽ മൂലം വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നത് നൂറിലധികം കർഷകരെ കണ്ണീരിലാഴ്ത്തിയെന്ന് ബി.ജെ.പി. തലയാഴം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മണ്ണാറംകണ്ടം, തെക്കേവനം, വടക്കേവനം, മൂന്നാംവേലിക്കരി എന്നീ പാടശേഖരങ്ങളിലെ വിളവെടുത്ത നെല്ലാണ് 20 ദിവസമായി കെട്ടിക്കിടക്കുന്നത്. നെല്ല് സംഭരണത്തിന് സർക്കാരിന്റെ അടിയന്തര നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രീജു കെ.ശശി അധ്യക്ഷത വഹിച്ചു. സുമേഷ്, സുനിൽ, വിജയൻ, രാജീവ് എന്നിവർ പ്രസംഗിച്ചു.