കടുത്തുരുത്തി : കോതനല്ലൂർ ചാമക്കാലായിൽ കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടുകയും വ്യാപാരിയെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അഞ്ച് പ്രതികൾ കൂടി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി ചെറിയപള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ കോട്ടമുറി കൊച്ചുപുര ആൽബിൻ കെ.ബോബൻ (22), കാണക്കാരി ചാത്തമല മങ്കുഴിക്കൽ രഞ്ജിത്‌മോൻ രാജു (25), നാൽപ്പാത്തിമല കരോട്ടുകാലാങ്കൽ വിഷ്ണുപ്രസാദ് (21), കാണക്കാരി തുമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാൽപ്പാത്തിമല, കല്ലറ, കുടമാളൂർ എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. സംഭവം നടന്ന് ഏതാനും സമയത്തിനുള്ളിൽ ചാമക്കാല കോളനിക്കു സമീപം താമസിക്കുന്ന തടത്തിൽ അഭിജിത്തിനെ (23) നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളനുസരിച്ചാണ് മറ്റുപ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോഴാണ് കടയുടമ അന്നടിക്കൽ പ്രതീഷ് ജോസിനെ (40) മർദിച്ചത്. തലയ്ക്കു സാരമായി പരിക്കേറ്റ പ്രതീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് 6.15-ഓടെ ചാമക്കാല ജങ്ഷനിലാണ് സംഭവം.

കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നിർദേശാനുസരണം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ. ടി.എസ്. റെനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സാബു പി.ജെ., ഡെന്നി പി.ജോയി, കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ എ.കെ., ജില്ലാ പോലീസ് മേധാവിയുടെ ഡൻസാഫ് സംഘാംഗങ്ങളായ അനീഷ് വി.കെ., അരുൺ കുമാർ, അജയൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

റിമാൻഡ് പ്രതി പോലീസിനെ ആക്രമിച്ച്

കോട്ടയം : പോക്‌സോ കേസിൽ കോടതി റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലടച്ചിരുന്ന പ്രതി പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടു. കോരൂത്തോട് മടുക്ക പുളിമൂട്ടിൽ ബിജീഷ് സോമൻ (24)ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തരയോടെ കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം.

ജയിലിൽവച്ച് വയറുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് പോലീസ് സംരക്ഷണയിൽ ആശുപത്രിയിലെത്തിച്ചതായിരുന്നു. ചികിത്സയ്ക്കായി കാത്തിരിക്കുന്നതിനിടെ കക്കൂസിൽ പോകണമെന്നാവശ്യപ്പെട്ടു. കക്കൂസിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസുകാരും സംഭവം കണ്ടവരും പിന്നാലെയോടിയെങ്കിലും പിടികൂടാനായില്ല. രണ്ട് പോക്‌സോ കേസുകളിലെ പ്രതിയായ ഇയാളെ മുണ്ടക്കയം പോലീസാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.

പണം തട്ടിയെടുക്കാൻ സ്വന്തം ക്യു.ആർ. കോഡ്; ഹോട്ടൽ മാനേജർ അറസ്റ്റിൽ

കോട്ടയം : ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തുന്നവരിൽനിന്ന് ബിൽതുക സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യു.ആർ. കോഡിലൂടെ അടപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ഹോട്ടൽ മാനേജർ അറസ്റ്റിൽ. തൃശ്ശൂർ പടിയം കണ്ടാശങ്കടവ് പനയ്ക്കൽ വീട്ടിൽ ബിനോജ് കൊച്ചുമോനെ (42) യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജോ പി.ജോസഫ് അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി.

കോട്ടയം കളത്തിൽപടി ഷെഫ് മാർട്ടിൻ ഹോട്ടലിലെ മാനേജരായിരുന്നു. ഗൂഗിൾ പേ, കസ്റ്റർസ് തുടങ്ങി ക്യൂ.ആർ. കോഡിലൂടെ അടയ്ക്കുന്ന ബിൽതുകയാണ് തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ ക്യു.ആർ. കോഡിനുപകരം സ്വന്തം ക്യു.ആർ. കോഡ് രജിസ്റ്റർ ചെയ്ത് അത് ഹോട്ടലിൽ പ്രദർശിപ്പിക്കുകയായിരുന്നു. ക്യു.ആർ. കോഡിലൂടെയുള്ള പണമിടപാടുകളിൽ കുറവ് വന്നതിനെത്തുടർന്ന് സംശയം തോന്നിയ ഹോട്ടലുടമ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇടപാടുകാർ ക്യു.ആർ. കോഡ് സ്കാൻചെയ്ത് പണം അടയ്ക്കുന്നുണ്ടെന്ന് കണ്ടെത്തി.

ഉടമ സുഹൃത്തിനെ ഭക്ഷണം വാങ്ങാൻ ഹോട്ടലിലേക്കയച്ചു. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണംനൽകി. ബിൽ ചോദിച്ചെങ്കിലും നൽകാൻ തയ്യാറായില്ല.

തുടർന്ന് നിർബന്ധപൂർവം ബിൽവാങ്ങി ഉടമയെ അറിയിച്ചു. ഉടമ ക്യു.ആർ. കോഡ് വഴിയുള്ള പണമിടപാട് പരിശോധിച്ചപ്പോൾ ഈ തുക അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന് പരാതി നൽകി. എസ്.ഐ. അനീഷ് കുമാർ, എൻ.എം. സാബു, എ.എസ്.ഐ. അൻസാരി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു.