വൈക്കം : വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവദിവസത്തെ പ്രശസ്തമായ വലിയ ശ്രീബലി വ്യാഴാഴ്ച രാവിലെ നടക്കും. പുലർച്ചെ നടക്കുന്ന തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം രാവിലെ 10-നാണ് വലിയ ശ്രീബലി അരങ്ങേറുന്നത്.

വൈക്കത്തഷ്ടമി ഉത്സവത്തിലെ ഏറ്റവും പ്രൗഢോജ്ജ്വലമായ എഴുന്നള്ളിപ്പെന്ന പ്രത്യേകതയാണ് വലിയശ്രീബലിക്ക്. ഇക്കുറി പ്രത്യേക സാഹചര്യത്തിൽ ആഘോഷങ്ങളും ആർഭാടങ്ങളും പ്രൗഢിയും കുറയ്ക്കുമ്പോൾ തിടമ്പേറുന്ന ആനയ്ക്ക്്് രണ്ടാനകൾ മാത്രം അകമ്പടിയാവും. കോവിഡിന് മുമ്പുവരെ 13 ആനകളാണ് വലിയ ശ്രീബലിക്ക് അണിനിരന്നിരുന്നത് . ആഡംബരങ്ങളും പ്രൗഢിയും ഭക്തിയും കാത്തുസൂക്ഷിക്കുന്നതാണ് വലിയ ശ്രീബലിയുടെ പ്രത്യേകത. വിദേശികളടക്കം ആയിരങ്ങൾ ഈ എഴുന്നള്ളിപ്പ്്് ദർശിക്കാൻ എത്തുമായിരുന്നു. മഹാമാരി പടർന്ന സാഹചര്യത്തിൽ ആഘോഷങ്ങളും ലളിതമാക്കുകയായിരുന്നു.

വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് വലിയ ചട്ടത്തിൽ സർവവിധ അലങ്കാരങ്ങളോടെ തലയെടുപ്പുള്ള ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് വലിയശ്രീബലിയുടെ പ്രത്യേകത. ഏഴുതരം മാലകൾ, സ്വർണപ്പൂക്കൾ, സ്വർണ ഉദരബന്ധം, രത്‌നകല്ലുകൾ പതിപ്പിച്ച പതക്കം, പട്ടുടയാടകൾ എന്നിവ കൊണ്ടാണ് തിടമ്പ് അലങ്കരിക്കുന്നത്. ചെത്തി, ജമന്തി, കൂവളം, മുല്ലപ്പൂവ്, താമര, നാരങ്ങ, രുദ്രാക്ഷം എന്നിവകൊണ്ടുള്ള മാലകളും ഉപയോഗിക്കും.

തിടമ്പ് അലങ്കരിക്കുന്നതിനുപോലും അവകാശികളുള്ളത് പ്രത്യേകതയാണ്. തിടമ്പ് എഴുന്നള്ളിക്കുന്ന ആനയ്ക്ക് അകമ്പടി നിൽക്കുന്ന രണ്ട് ആനകൾക്ക് സ്വർണനെറ്റിപ്പട്ടവും തങ്കക്കുടകളും ഉപയോഗിക്കുന്നത് പ്രൗഢിയുടെ ഭാഗമാണ്‌. ഇക്കുറി പത്താം ഉത്സവദിവസം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിക്കാൻ തലയെടുപ്പുള്ള ചിറയ്ക്കൽ കാളിദാസൻ ആനയ്ക്കാണ് നിയോഗം. സ്വർണ നെറ്റിപ്പട്ടങ്ങൾ കെട്ടി തങ്കക്കുടകൾ ചൂടി അകമ്പടി നിൽക്കാൻ മുല്ലക്കൽ ബാലകൃഷ്ണൻ, കണ്ടിയൂർ പ്രേംശങ്കർ എന്നീ ആനകൾ ഉണ്ടാവും. എഴുന്നള്ളിപ്പുകൾക്ക്്് ഈ വർഷം മൂന്ന്്് ആനകൾക്കുമാത്രമേ അനുവാദമുള്ളൂ.

താളവാദ്യ കലയിലെ പ്രഗല്‌ഭ വിദ്വാന്മാരുടെ കലാവൈഭവം പ്രകടമാക്കുന്ന വേദിയാണ് വലിയ ശ്രീബലി. കലാപീഠത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യവും വലിയ ശ്രീബലിയുടെ ആചാരപ്പെരുമയാണ്. വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് വലിയ ശ്രീബലിക്ക്്് രാജകീയ പ്രൗഢിയോടെ എഴുന്നള്ളിക്കണമെന്നാണ് രാജകൽപ്പന. രാവിലെ പത്തിന് ആദ്യ പ്രദക്ഷിണത്തിനുശേഷം കിഴക്കേ ആനക്കൊട്ടിലിലേക്ക്്് ശ്രീബലി അരങ്ങേറും. അഞ്ച് മണിക്കൂർ നീളുന്ന ഏറ്റവും വലിയ എഴുന്നള്ളിപ്പാണിത്. താളവാദ്യ വിദ്വാന്മാരുടെ വൈഭവം പ്രകടമാക്കുന്ന പ്രത്യേകതയും ഈ എഴുന്നള്ളിപ്പിനുണ്ട്്്.