രാമപുരം : തേങ്ങ കയറ്റിയ മിനിലോറി മറിഞ്ഞ് പാലാ-തൊടുപുഴ റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഐങ്കൊമ്പ് അഞ്ചാം മൈലിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട്ടുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക്‌ തേങ്ങകയറ്റി പോവുകയായിരുന്നു ലോറി. ലോറി മറിഞ്ഞതോടെ തേങ്ങ വഴിയിൽ ചിതറിവീണു. രാമപുരം എസ്.ഐ. അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.

അഗ്നിരക്ഷാസേനാംഗങ്ങൾ തേങ്ങ നീക്കി റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി റോഡിൽ വട്ടം മറിയുകയായിരുന്നു.