കോട്ടയം : ഇനി കോട്ടയം നഗരത്തിൽ ആരും ഉച്ചപ്പഷ്ണി കിടക്കേണ്ടിവരില്ല. അവർക്കൊക്കെ ഒരു പൊതിച്ചോറ് സ്നേഹത്തോടെ നൽകാൻ നഗരമധ്യത്തിലെ ബസേലിയോസ് കോളേജിലെ ‘എ.ടി.എം’ കൗണ്ടർ റെഡി.

കോളേജിലെ ഒരുകൂട്ടം വിദ്യാർഥികളും അധ്യാപകരുംചേർന്നാണ് വയറുനിറയാനായി ‘നിറവ്’ എന്ന പദ്ധതിയിലൂടെ പൊതിച്ചോറ് നൽകുന്നത്. നിലവിൽ പ്രവർത്തനരഹിതമായിക്കിടക്കുന്ന എ.ടി.എം. കൗണ്ടറിലൂടെയാണ് പൊതിച്ചോർ കൊടുക്കുന്നത്. ബുധനാഴ്ച ആരംഭിച്ച ‘നിറവി’ലൂടെ 40 പൊതിച്ചോറെങ്കിലും നൽകുകയാണ് ലക്ഷ്യം. ആവശ്യക്കാർകൂടിയാൽ അതിനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം.

ഉച്ചയൂണ് നോൺ, വെജ് എന്ന തരത്തിൽ പ്രത്യേകം പായ്ക്കുചെയ്യുന്നു. പ്രവൃത്തിദിവസങ്ങളിൽ 11.30മുതൽ 1.30വരെയാണ് കൗണ്ടർ പ്രവർത്തിക്കുക. വിദ്യാർഥികളാണ് വിതരണത്തിനും നേതൃത്വം നൽകുന്നത്. അധികംവന്നാൽ ആശുപത്രി അടക്കമുള്ള ഇടങ്ങളിലെ ആവശ്യക്കാർക്ക് നൽകാൻ ശ്രമിക്കുമെന്ന് വൊളന്റിയർമാർ അറിയിച്ചു.