വൈക്കം : പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ച് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് നടത്തി. ബുധനാഴ്ച പുലർച്ചെ വൈക്കത്തപ്പന്റെ വിളക്കിനെഴുന്നള്ളിപ്പ് അഞ്ച് പ്രദക്ഷിണം നടത്തിയശേഷമാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് പുറപ്പെട്ടത്.

വൈക്കത്തഷ്ടമി ഉത്സവത്തിലെ മതിൽക്കകംവിട്ടുള്ള രണ്ട് എഴുന്നള്ളിപ്പുകളാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പും തെക്കുംചേരിമേൽ എഴുന്നള്ളിപ്പും. തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് വ്യാഴാഴ്ച പുലർച്ചെ നടക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അകമ്പടി ആനകൾ ഉണ്ടാകില്ല.

ഉത്സവത്തിന്റെ ഒൻപത്, 10 ദിവസങ്ങളിലാണ് ഈ എഴുന്നള്ളിപ്പുകൾ. വൈക്കം ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ളതാണ് മതിൽക്കകം വിട്ടുള്ള ഈ എഴുന്നള്ളിപ്പുകൾ.

വൈക്കം ക്ഷേത്രത്തിന്റെ ദേശാതിർത്തിയിൽപ്പെട്ട സ്ഥലങ്ങളിൽ വൈക്കത്തപ്പൻ നേരിട്ട് എഴുന്നള്ളി ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾ കാണുന്നു എന്നാണ് എഴുന്നള്ളിപ്പിനെക്കുറിച്ചുള്ള വിശ്വാസം. പുലർച്ചെയുള്ള പ്രത്യേക പൂജകൾക്കുശേഷം ആദ്യം വടക്കുംചേരിയിലേക്കും പിറ്റേദിവസം തെക്കുംചേരിയിലേക്കും എഴുന്നള്ളും.

വൈക്കം ക്ഷേത്രത്തിൽനിന്ന്‌ പത്തുകിലോമീറ്റർ അകലെയുള്ള ചെമ്പ് വരെയാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്. തുരുത്തിക്കാട്ടുശ്ശേരി കൊട്ടാരം, കൂട്ടുമ്മേൽ ദേവീക്ഷേത്രം, ചെമ്പിലെ മണ്ഡപം എന്നിവിടങ്ങളിൽ ഇറക്കിപ്പൂജ നടത്തി.

നിരവധി ഭക്തർ ഈ മേഖലകളിൽ ദർശനം നടത്താൻ എത്തിയിരുന്നു.

വ്യാഴാഴ്ച പുലർച്ചെ നാലിന് പ്രഭാതപൂജകൾക്കുശേഷം തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് പുറപ്പെടും. ചെമ്മനത്തുകര അരിമ്പുകാവ് ദേവീക്ഷേത്രംവരെയാണ് എഴുന്നള്ളിപ്പ് പോകുക. ഇവിടെ ഇറക്കിപ്പൂജയും നിവേദ്യവുമുണ്ട്്.