വൈക്കം : നാവികസേനയുടെ പഴയ പടക്കപ്പലിനെ ജനങ്ങൾ കൗതുകത്തോടെ നോക്കിനിന്നു. ഒരുസമയത്ത് രാജ്യസുരക്ഷയിൽ പ്രധാന പങ്കുവഹിച്ച ഫാസ്റ്റ്‌ അറ്റാക്ക് ഇൻഫാക്ട്-81-ലെ അത്ഭുതക്കാഴ്ചകൾ അവരെ വിസ്മയിപ്പിച്ചു. ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള കപ്പലാണ് കായൽവഴി തണ്ണീർമുക്കത്തെത്തിയത്. കപ്പൽ കാണാൻ വൈക്കത്തുനിന്ന് നിരവധിപേർ തണ്ണീർമുക്കം ബണ്ടിലെത്തി.

25 മീറ്റർ നീളവും 60 ടൺഭാരവുമുള്ള കപ്പലിനെ 300 ടൺശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചാണ് ആലപ്പുഴയ്ക്ക് കൊണ്ടുപോകാനായി ട്രെയ്‌ലറിൽ കയറ്റിയത്. ലോറിപോലുള്ള ട്രെയ്‌ലറിന് 96 ടയറുണ്ട്. ഇതിനെ ബുള്ളറിൽ ബന്ധിപ്പിച്ച് ആലപ്പുഴയ്ക്ക് കൊണ്ടുപോകും. 1991 ജൂൺ അഞ്ചിന് കമ്മീഷൻ ചെയ്ത കപ്പൽ കാലഹരണപ്പെട്ടതോടെ 2021 ജനുവരിയിൽ ഡീകമ്മീഷൻ ചെയ്തു. ഇസ്രായേൽ കമ്പനിയുടെ സഹകരണത്തോടെ ഗോവാ ഷിപ്പ് യാർഡിലാണ് നിർമാണം പൂർത്തിയാക്കിയത്. പകലും രാത്രിയും ശത്രുക്കളെ നിരീക്ഷിക്കാനും നേരിടാനുമുള്ള ശേഷി ഇതിനുണ്ടായിരുന്നു. അതിവേഗമാണ് മറ്റൊരു പ്രത്യേകത.

കപ്പൽ മുംബൈയിൽനിന്നാണ് കൊച്ചിയിലെത്തിച്ചത്. എൻജിനില്ലാത്ത കപ്പൽ കൊച്ചി നാവികസേനാ ആസ്ഥാനത്തുനിന്ന്‌ പ്രത്യേക ടഗ്‌ ബോട്ടിൽ കെട്ടിവലിച്ചാണ് തണ്ണീർമുക്കത്തെത്തിച്ചിരിക്കുന്നത്. കപ്പലിന്റെ ആകൃതിക്ക് ഇളക്കംതട്ടാത്തവിധത്തിൽ വാഹനത്തിൽ വെൽഡുചെയ്താണ് കൊണ്ടുപോകുന്നത്. ചെറിയ ഇളക്കത്തിൽപോലും കപ്പൽ താഴേക്കുചെരിയാൻ സാധ്യതയുള്ളതിനാൽ പൂർണമായും സുരക്ഷ ഉറപ്പാക്കിയായിരിക്കും യാത്ര. തണ്ണീർമുക്കത്തുനിന്ന്‌ ദേശീയപാതയിലെത്തിക്കുക പ്രധാന വെല്ലുവിളിയാണ്. ഇതിനായി കെ.എസ്.ഇ.ബി. ലൈനുകൾ പൂർണമായി ഓഫ് ചെയ്യണം. യാത്രയ്ക്ക് തടസ്സമായ മരങ്ങൾ മുറിക്കേണ്ടിവരും. വാഹനഗതാഗതത്തിന്‌ നിയന്ത്രണങ്ങൾ വരുത്തും. നാവികസേനയ്ക്കൊപ്പം അഗ്‌നിശമനസേന, പോലീസ്, കെ.എസ്.ഇ.ബി. സഹകരണത്തിലായിരിക്കും യാത്ര. ദിവസം ആറുകിലോമീറ്റർ യാത്രയാണ് ലക്ഷ്യമിടുന്നത്. അവധിദിവസങ്ങൾ വരുന്നതിനാൽ ശനിയാഴ്ചയായിരിക്കും യാത്ര തുടങ്ങുന്നത്.