ചങ്ങനാശ്ശേരി : കവിയൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചതായി ജോബ് മൈക്കിൾ എം.എൽ.എ. അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കവിയൂർ റോഡിന്റെയും മിഠായി കമ്പനി ഫാത്തിമാപുരം മുതൽ തൃക്കൊടിത്താനം ബൂസ്റ്റിങ്‌ പമ്പ് സ്റ്റേഷൻ വരെയുള്ള കുടിവെള്ള വിതരണ പദ്ധതിയുടെയും അവലോകനയോഗത്തിലാണ് പ്രശ്‌നപരിഹാരമുണ്ടായത്.

രണ്ടുവർഷമായി പൂർത്തിയാകാത്ത പദ്ധതികൾ അടിയന്തരമായി പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം.എൽ.എ. യോഗത്തിൽ പരമാർശിച്ചു. കവിയൂർ- ചങ്ങനാശ്ശേരി റോഡിലൂടെ ചങ്ങനാശ്ശേരി ചെറുകരക്കുന്നിൽനിന്ന്‌ തൃക്കൊടിത്താനം പമ്പിങ് സ്റ്റേഷൻ വരെയുള്ള കാലപ്പഴക്കം ചെന്ന 150 എം.എം. കൺവയൻസ് മെയിൻ മാറ്റി 200 എം.എം.ഡി.ഐ. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് കിഫ്ബിയിൽനിന്ന് അനുമതി ലഭിച്ചിരുന്നു.

റോഡ് മുറിക്കാൻ അനുമതി നിഷേധിച്ചതിനാൽ ഭരണാനുമതി കിഫ്ബി റദ്ദാക്കി. ഇതോടെ കരാറുകാരന് പണി തുടങ്ങാൻ സാധിച്ചില്ല. ഈ പണി തുടങ്ങാൻ ആവശ്യമായ റോഡ് കട്ടിങ്‌ അനുമതി പി.ഡബ്ള്യൂ.ഡി.യിൽനിന്ന് ലഭ്യമാക്കണം. സൈറ്റിന്റെ ലൊക്കേഷൻ സ്കെച്ച് അടിസ്ഥാനമാക്കി കിഫ്ബി അഡീഷണൽ സി.ഇ.ഒ.യും കേരള വാട്ടർ അതോറിറ്റി ടെക്‌നിക്കൽ അംഗവും ചർച്ച നടത്തിയതിനെ തുടർന്നാണ് എം.എൽ.എ. ആവശ്യപ്പെട്ട കാര്യങ്ങൾക്ക് തീരുമാനമായത്. വീണ്ടും നൽകുമെന്ന് കിഫ്ബി അഡിഷണൽ സി.ഇ.ഒ. അറിയിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് മുറിക്കാനുള്ള അനുമതി നൽകാൻ കെ.ആർ.എഫ്.ബി.ക്ക് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പി.ഡബ്ല്യൂ.ഡി. കോട്ടയം ഡിവിഷൻ പരിധിയിലുള്ള മുക്കാട്ടുപടി മുതൽ തൃക്കൊടിത്താനം പമ്പിങ്‌ സ്റ്റേഷൻ വരെ റോഡ് മുറിക്കാൻ അനുതി ലഭ്യമാക്കുമെന്ന് പി.ഡബ്ല്യു.ഡി. ചങ്ങനാശ്ശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചങ്ങനാശ്ശേരി കുടിവെള്ള പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപയുടെ ഡി.പി.ആറിന് മേൽനടപടി സ്വീകരിക്കണമെന്ന എം.എൽ.എ.യുടെ ആവശ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ടെക്‌നിക്കൽ അംഗം അറിയിച്ചു.